yedhu

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യുവാവ് പരാതി കൊടുത്തിരിക്കുന്നത്.

ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

യദു ഓടിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറികാർഡ് കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസ്ആർടിസി വർക്ക് ഷോപ്പിൽ വച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. അതേസമയം, നടുറോഡിൽ വച്ച് മേയറുമായി യദു വാക്കുതർക്കത്തിലേർപ്പെട്ട ദിവസം ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചെന്ന് തമ്പാനൂർ പൊലീസിന്റെ അന്വേഷത്തിൽ നിന്നും വ്യക്തമായി.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് കണ്ടെത്തൽ. പാളയത്ത് എത്തുന്നതുവരെ പല തവണയായാണ് ഇത്. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. കെഎസ്ആർടിസിക്കും റിപ്പോർട്ട് കൈമാറും.ബസ് നിറുത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിട്ടിൽ താഴെയാണ്. അതിനാൽ ഓടിക്കുന്നതിനിടെയും ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

മേയറുമായി തർക്കം നടന്നതിന്റെ പിറ്റേദിവസം പകൽ തമ്പാനൂർ ഡിപ്പോയിലുണ്ടായിരുന്ന ബസിന് സമീപം യദു എത്തിയതായും പൊലീസ് വ്യക്തമാക്കുന്നുണ്ട്. അതിനാൽ ബസിലെ മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണും പരിശോധിക്കും. എന്നാൽ, ഇടയ്ക്ക് ഫോണിൽ സംസാരിച്ചിട്ടുണ്ടാകാമെന്നും വളരെ അത്യാവശ്യമായി വീട്ടിൽ നിന്നൊക്കെ വിളിക്കുമ്പോൾ ഫോൺ എടുക്കേണ്ടി വരാറുണ്ടെന്നും കൃത്യമായി ഓർമയില്ലെന്നും യദു പ്രതികരിച്ചു.