തിരുവനന്തപുരം: കൊടുംചൂടിൽ നാടും നഗരവും ഉരുകിയൊലിക്കുമ്പോൾ, അരുവിക്കര മുള്ളിലവിൻമൂട് നന്ദാ ഭവനിൽ ഭാസ്കരൻ നായരും ഭാര്യ വിജയവും കൂളാണ്. ടെറസിനു മുകളിൽ പന്തലിച്ചു കിടക്കുന്ന ഹരിത കമ്പളത്തെ വെല്ലാൻ അത്ര പെട്ടെന്നൊന്നും സൂര്യതാപത്തിന് കഴിയില്ല. മട്ടുപ്പാവിൽ പാഷൻഫ്രൂട്ട് ശാസ്ത്രീയമായി വളർത്തുന്നത് വീടിനകത്ത് നല്ല രീതിയിൽ കുളിർമ പകരുന്നു. മറ്റു ചെടികൾക്ക് തണലും മികച്ച കായ്ഫലവും എടുത്തു പറയണം.
2022ൽ സംസ്ഥാന സർക്കാരിന്റെ മികച്ച മട്ടുപ്പാവ് കൃഷിക്കർഷകർക്കുള്ള പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയവരാണ് ഈ മാതൃകാ ദമ്പതികൾ. വെണ്ട, തക്കാളി, ചെറി, കത്തിരി, വഴുതന, വേങ്ങേരി,കോവയ്ക്ക, പയർ, പലയിനം മുളകുകൾ, സാലഡ് വെള്ളരി, ബീൻസ്, നിത്യവഴുതന, ബഷളചീര, വള്ളിപ്പയർ, പുതിനയില, ഇഞ്ചി, മഞ്ഞൾ, ചീര, ചേമ്പ്, കാച്ചിൽ, നനക്കിഴങ്ങ്, ചെറുകിഴങ്ങ് തുടങ്ങിയ എല്ലാവിളകളും ചിട്ടയോടും ശാസ്ത്രീയമായും ഇവിടെ കൃഷി ചെയ്യുന്നു.
സ്വന്തമായുള്ള 15 സെന്റ് താമസ സ്ഥലത്ത് തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ്, മാവ്, കുരുമുളക് എന്നിവ സമൃദ്ധമായി വളരുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത ഭാസ്കരൻ നായർക്കും (80) വീട്ടമ്മയായ ഡി.വിജയത്തിനും (70) ജീവിത സായാഹ്നത്തിൽ ഇതില്പരം ആഹ്ലാദമില്ല. വിഷരഹിത പച്ചക്കറിക്കൃഷി എന്ന ആശയത്തിൽ നിന്നാണ് മട്ടുപ്പാവ് സമ്മിശ്ര വിളക്കൃഷിയിലേക്കുള്ള വളർച്ച.
വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടുന്ന ഇരുവർക്കും നിന്നുകൊണ്ട് ജോലികൾ ചെയ്യാനുള്ള സൗകര്യത്തിന് 'സ്റ്റാൻഡ്" വച്ചുള്ള വ്യത്യസ്ത രീതി മട്ടുപ്പാവ് കൃഷിയെ തന്നെ വ്യത്യസ്തമാക്കുന്നു. വീട്ടാവശ്യങ്ങൾക്ക് ശേഷം മിച്ചം വരുന്ന പച്ചക്കറികൾ കൃഷി കൂട്ടായ്മയായ അനന്തപുരി ഫാം ജേർണലിസ്റ്റ് ഫോറം ജൈവ കൃഷിപഠന കളരി ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ തൈക്കാട് ഗാന്ധിസ്മാരക നിധിയിലെ സ്വദേശി കാർഷിക വിപണിയിൽ എത്തിക്കും. ആവശ്യമുള്ള കർഷകർക്ക് വിത്തും ജൈവ വളങ്ങളും നേരിട്ടും തപാൽ മാർഗവും സൗജന്യമായി എത്തിച്ചു കൊടുക്കും.
മാർഗനിർദേശം തരും, വിത്തും വളവും
മട്ടുപ്പാവ് കൃഷി പെട്ടെന്ന് ഒരുദിവസം തുടങ്ങിയതല്ല. ആദ്യം, ജൈവ പച്ചക്കറി കൃഷി രീതികൾ പഠിച്ചു. മട്ടുപ്പാവ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളൂർ പോങ്ങുംമൂട്ടിൽ രവീന്ദ്രൻ എന്ന കർഷകനിൽ നിന്ന് മാർഗനിർദ്ദേശങ്ങൾ തേടി. അദ്ദേഹം നേതൃത്വം നൽകുന്ന ആത്മ ട്രെയിനിംഗ് സെന്ററിൽ ചേർന്നാണ് കൃഷിയെക്കുറിച്ച് പഠിച്ചത്. സ്വന്തമായി തയ്യാറാക്കുന്ന പഞ്ചഗവ്യം ഫിഷ് അമിനോസ്, മുട്ട മിശ്രിതം തുടങ്ങിയ വളക്കൂട്ടുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്, ഇടവളമായി കടലപ്പിണ്ണാക്ക് കുതിർത്ത് തെളിവെള്ളം ഒഴിക്കും. രണ്ടാഴ്ച്ച കൂടുമ്പോൾ പച്ചചാണകവും കോഴിവളവും പ്രയോഗിക്കും. ഫോൺ : +919446078256.