ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കമുള്ള നേതാക്കൾ. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമ്പത്തിമൂന്നുകാരനായ രാഹുൽ ഗാന്ധിയോട് ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ട് എപ്പോഴും വെള്ള ടീ ഷർട്ട് ധരിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് രാഹുൽ നൽകിയത്. 'വെള്ള എന്നത് സുതാര്യതയും ലാളിത്യവുമാണ് സൂചിപ്പിക്കുന്നത്. പിന്നെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലാളിത്യാമാണ് ഞാൻ ഇഷ്ടപ്പെടുന്നത്,'- രാഹുൽ ഗാന്ധി വ്യക്തമാക്കി. മൂന്ന് നേതാക്കൾ തമ്മിലുള്ള സംസാരം രാഹുൽ ഗാന്ധി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇതിനിടെ ഖാർഗെയോട് രാഹുൽ ഗാന്ധിയും ഒരു കാര്യം ചോദിച്ചു. പ്രചാരണത്തിൽ എന്താണ് നല്ലതും ചീത്തയും എന്നായിരുന്നു ചോദ്യം.'ചീത്ത ഒന്നുമില്ല, നല്ലതാണ്. കാരണം നമ്മൾ ഇതെല്ലാം ചെയ്യുന്നത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യത്തെ നശിപ്പിക്കുന്നവനെ, അവനെ തടയാൻ വേണ്ടി പ്രയത്നിക്കുമ്പോൾ, എല്ലാം നല്ലതായി തോന്നുന്നു,'- ഖാർഗെ പറഞ്ഞു.
രാഹുലിന്റെ അടുത്ത ചോദ്യം സിദ്ധരാമയ്യയോടായിരുന്നു. അധികാരമോ പ്രത്യയശാസ്ത്രമോ എന്നായിരുന്നു ചോദ്യം. പ്രത്യയ ശാസ്ത്രം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രത്യയ ശാസ്ത്രം എപ്പോഴും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.