ബംഗളൂരു: ഭർത്താവുമായുള്ള വഴക്കിന് പിന്നാലെ ആറ് വയസുകാരനെ അമ്മ മുതലക്കുളത്തിലെറിഞ്ഞ് കൊന്നു. കർണാടകയിലെ ദണ്ഡേലിയിലാണ് സംഭവം. വീടിന് സമീപത്തുള്ള മുതലക്കുളത്തിലെറിഞ്ഞാണ് ഭിന്നശേഷിക്കാരനായ മകൻ വിനോദിനെ സാവിത്രി (32) കൊലപ്പെടുത്തിയതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ സാവിത്രിക്കും ഭർത്താവ് രവി കുമാറിനുമെതിരെ (36) കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ജന്മനാ സംസാര ശേഷിയും കേൾവിശക്തിയും ഇല്ലാത്ത മകനെ ചൊല്ലി മാതാപിതാക്കൾ നിരന്തരം വഴക്കിട്ടിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇതേ വിഷയത്തിന്റെ പേരിൽ ഇവർ വഴക്കിട്ടു. തുടർന്ന് രാത്രി ഒമ്പത് മണിയോടെ സാവിത്രി വിനോദിനെ നിറയെ മുതലകളുള്ള കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു എന്ന് ദണ്ഡേലി റൂറൽ പൊലീസ് ഇൻസ്പെക്ടർ കൃഷ്ണ ബാരകേരി പറഞ്ഞു.
കുട്ടിയെ പുഴയിലെറിഞ്ഞ വിവരം അറിഞ്ഞതോടെ രവി കുമാറും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ മുതലകൾ പാതി തിന്ന നിലയിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ഒരു കൈ മുതലയുടെ വായിൽ നിന്നാണ് പുറത്തെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിനോദിന്റെ ശരീരത്തിലുടനീളം മുതല ആക്രമിച്ചതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയാണ് രവികുമാർ. സാവിത്രി വീട്ടുജോലി ചെയ്യുകയായിരുന്നു.