money

റാഞ്ചി: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ഇ ഡി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 കോടി രൂപ കണ്ടെത്തി. ജാർഖണ്ഡ് മന്ത്രി അലംഗീർ അലന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട് ഉൾപ്പടെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.

സഞ്ജീവ് ലാലിന്റെ വീട്ടിലെ മുറിയിൽ കൂട്ടിയിട്ടിരിക്കുന്ന നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എഴുപതുകാരനായ അലംഗീർ അലൻ ജാർഖണ്ഡിന്റെ ഗ്രാമവികസന മന്ത്രിയാണ്. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം ജാർഖണ്ഡിലെ പകുർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ അടുത്തിടെ നിരവധി പരിശോധനകൾ നടത്തിയിരുന്നു. റാഞ്ചിയിലെ സെയിൽ സിറ്റി ഉൾപ്പടെ ഒമ്പത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി പരിശോധന നടത്തുന്നത്. ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.


വോട്ട് മറിക്കാനായി ഉപയോഗിക്കാനായിരിക്കാം ഈ പണമെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. 'ജാർഖണ്ഡിൽ അഴിമതി അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പിനായി ചെലവഴിക്കാനായിരിക്കാം ഈ പണം സൂക്ഷിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ നടപടിയെടുക്കണം,' ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാദേവ് പറഞ്ഞു.