മാതമംഗലം: മലയോരമേഖലയായ ചെറുപുഴയിലെ ചില കർഷകരുടെ കൃഷിയിടത്തിൽ അപൂർവ്വയിനം പഴവർഗമായ കലാബാഷ് മരം കായ്ച്ചുനിൽക്കുന്ന കാഴ്ച കാണുന്നവരിൽ കൗതുകമുണർത്തുന്നു. 20 ഇഞ്ച് വരെ വ്യാസമുള്ള പഴത്തിന്റെ പുറം തൊലിക്ക് കടുംപച്ച നിറമാണ്. വളരെയധികം ദൃഢമായ തൊലി പലപ്പോഴും കട്ടർ ഉപയോഗിച്ചാണ് മുറിച്ചെടുക്കുന്നത്.
തൊലി ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കളും പാത്രങ്ങളും നിർമ്മിക്കാം. ഈ മരത്തിന് കമണ്ഡലു മരം എന്നും പേരുണ്ട്. ഇതിന്റെ കായാണ് കമണ്ഡലു ഉണ്ടാക്കാൻ സന്ന്യാസിമാർ ഉപയോഗിച്ചത് എന്ന് വിശ്വസിക്കുന്നു. ഉദരരോഗങ്ങൾ, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്ന് നിർമ്മാണത്തിന് കലാബാഷ് പഴങ്ങൾ ഉപയോഗിക്കുന്നു. ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.
തിരുമേനി മുതുവമുള്ള അബ്രഹാം ചേട്ടനാണ് ഒമ്പത് വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നിന്ന് ഈ വൃക്ഷത്തിന്റെ തൈ ആദ്യമായി ചെറുപുഴ തിരുമേനിയിലുള്ള തന്റെ വീട്ടുപറമ്പിൽ നട്ടത്. രണ്ട് വർഷം കൊണ്ട് തന്നെ അത് കായ്ച്ചു എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പറമ്പിൽ ഇത് കായ്ചതറിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് ചിലർ വന്ന് മരുന്ന് നിർമ്മാനത്തിനായി കായ്കൾ കൊണ്ട് പോയിട്ടുണ്ട്. മറ്റിടങ്ങളിലും ഈ ഫലവൃക്ഷം ഇപ്പോൾ കായ്ച്ചുതുടങ്ങിയിട്ടുണ്ട്. വളരെയധികം ഔഷധ ഗുണമുള്ള ഇതിന് പ്രാദേശിക വിപണി ലഭ്യമല്ല. കായ്കൾ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യക്കാരുമായി ബന്ധപ്പെട്ട് ശേഖരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.