മനസിനെ ഏകാഗ്രമാക്കുക എന്നതാണ് യഥാർത്ഥ വിദ്യ. അതിനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ധ്യാനം. മനസിന്റെ പിരിമുറുക്കം കുറയ്ക്കുവാനും അസ്വസ്ഥതകളിൽ നിന്ന് രക്ഷനേടുവാനും ധ്യാനം പ്രയോജനപ്പെടും. ധ്യാനത്തിലൂടെ മനഃശാന്തിയും ആനന്ദവും അനുഭവിക്കാൻ സാധിക്കും. ചിത്തശുദ്ധി, ആയുസ്, ആരോഗ്യം, സൗന്ദര്യം, ബുദ്ധി, ഓജസ് എന്നിവയെല്ലാം ധ്യാനത്തിലൂടെ ലഭിക്കും.
അനേകം ധ്യാന രീതികളുണ്ട്. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധവയ്ക്കാം. അല്ലെങ്കിൽ മുന്നിലുള്ള ഒരു ബിന്ദുവിൽ മനസ്സിനെ ഏകാഗ്രമാക്കാം. താൻ അനന്തതയിൽ ലയിക്കുന്നതായി ഭാവന ചെയ്യാം. ദീപധ്യാനമാണ് ഇഷ്ടമെങ്കിൽ ഹൃദയത്തിലോ, ഭൂമദ്ധ്യത്തിലോ നിശ്ചലമായ ദീപനാളത്തെ ധ്യാനിക്കാം. ഏതെങ്കിലുമൊരു ആസനത്തിൽ ഇരുന്നശേഷം മുന്നിൽ കത്തിച്ചുവച്ച മെഴുകുതിരിയിലോ ദീപനാളത്തിലോ അല്പനേരം നോക്കിയിരിക്കണം. പിന്നീട് കണ്ണടയ്ക്കണം. അപ്പോൾ ഉള്ളിൽ തെളിഞ്ഞുകാണുന്ന പ്രകാശത്തിൽ മനസിനെ ഏകാഗ്രമാക്കുക.
തുടക്കക്കാർക്ക് അരൂപധ്യാനത്തേക്കാൾ രൂപധ്യാനമാണ് എളുപ്പം. ഇഷ്ടദൈവത്തിന്റെ രൂപം ധ്യാനിക്കുന്നത് ഇഷ്ടദൈവത്തിൽ മനസുറയ്ക്കാൻ സഹായിക്കും. ഗുരുവിന്റെയോ മഹാത്മാക്കളുടെയോ രൂപവും ധ്യാനിക്കാം. ധ്യാന രൂപത്തിന്റെ ഒരു ചെറിയ ചിത്രം മുന്നിൽ വയ്ക്കുക. ആദ്യമൊക്കെ ആ രൂപത്തിൽ നോക്കിയിരുന്ന് ഏകാഗ്രതയ്ക്കു ശ്രമിക്കണം. രണ്ടു മിനിട്ട് സമയം കണ്ണുതുറന്ന് ധ്യാനരൂപത്തിൽ നോക്കിയിരിക്കണം. പിന്നെ കണ്ണടച്ച് ഉള്ളിൽ കാണണം. മനസിൽ നിന്ന് രൂപം മറയുമ്പോഴെല്ലാം കണ്ണു തുറന്ന് മുന്നിലുള്ള രൂപത്തെ നോക്കണം. വീണ്ടും കണ്ണടച്ച് മനസിൽ ധ്യാനിക്കണം. ഇത് ആവർത്തിക്കണം. ധ്യാനിക്കുമ്പോൾ രൂപം നല്ലപോലെ മനസിൽ തെളിഞ്ഞില്ലെന്നുവച്ച് ധ്യാനം നിറുത്തരുത്. ഇഷ്ടദേവന്റെ ഓരോ അംഗവും പാദാദികേശം, കേശാദിപാദം ക്രമമായി ഉള്ളിൽ ഭാവന ചെയ്യണം.
ഇഷ്ടദൈവം ദീപത്തിൽ നിൽക്കുന്നതായും ഹോമാഗ്നിയിൽ നിൽക്കുന്നതായും ഭാവന ചെയ്യാം. അസൂയ, അഹങ്കാരം തുടങ്ങിയവയെ ഹോമാഗ്നിയിൽ ഹോമിക്കുന്നതായി ഭാവിക്കണം. ശ്രദ്ധ വിട്ടുപോകുന്നുവെങ്കിൽ ഇഷ്ടരൂപത്തോടു സംസാരിക്കുന്നതായി ഭാവന ചെയ്യണം. ഈശ്വരാ, നീ എന്നെ വിട്ടുകളയല്ലേ, നീ എനിക്ക് നല്ല ധ്യാനം തരൂ എന്നൊക്കെ പറഞ്ഞ് മനസുകൊണ്ട് കെട്ടിപ്പിടിച്ചു കേഴണം. ഭഗവാൻ അല്ലെങ്കിൽ ഭഗവതിക്ക് അഭിഷേകം നടത്തുന്നതായും, വിവിധതരം ആഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നതായും ആഹാരം ഉരുളയുരുട്ടി നൽകുന്നതായും ഭാവന ചെയ്യാം. ഇഷ്ടദൈവത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം കളിക്കുന്നതായും ഭാവന ചെയ്യാം. അവിടുന്ന് നമ്മിൽ നിന്ന് ഓടിപ്പോകുന്നതായും ഒപ്പമെത്താനായിനമ്മൾ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം.
ശ്രദ്ധയോടെ ഇങ്ങനെയൊക്കെ നിരന്തരം ആവർത്തിച്ചാൽ ധ്യാനിക്കുന്ന രൂപം ഉള്ളിൽ തെളിഞ്ഞുകിട്ടും. ഇത്തരത്തിലുള്ള ഭാവനമൂലം ഇഷ്ടരൂപം മനസിൽ നിന്ന് മായുകയില്ല. കുറേക്കാലം, ചിലപ്പോൾ വർഷങ്ങൾ തന്നെ ചിട്ടയായി ധ്യാനിച്ചാൽ മാത്രമേ രൂപം ഉള്ളിൽ തെളിയുകയുള്ളൂ. സുസ്ഥിരമായ അനുഷ്ഠാനത്തിലൂടെ ക്രമേണ മനസിന് ഏകാഗ്രത വർദ്ധിക്കുകയും രൂപം നന്നായി തെളിയുകയും ചെയ്യും. മനസ്സിന് സന്തോഷം, ശാന്തി, കൂടുതൽ ആത്മനിയന്ത്രണം എന്നിവയെല്ലാം ധ്യാനത്തിലൂടെ ലഭിക്കും. ഇഷ്ടദേവതാ ധ്യാനമാണ് ചെയ്യുന്നതെങ്കിൽ, ഇഷ്ടദേവതയുടെ സാത്വിക ഗുണങ്ങൾ നമ്മളിൽ വളരും. എല്ലാ സൗഭാഗ്യങ്ങളും ധ്യാനത്തിലൂടെ ലഭിക്കും.