home

ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ കാലാവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വീടിനുള്ളിൽ പോലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഫാൻ ഫുൾ സ്പീഡിൽ ഇട്ടാൽ പോലും ഉഷ്ണത്തിന് കുറവൊന്നുമില്ല. അതിനാൽത്തന്നെ എ സി വാങ്ങാൻ പോകുന്നവരും ഏറെയാണ്.

കടം വാങ്ങിയും ഇ എം ഐ വഴിയുമൊക്കെ മുപ്പതിനായിരത്തിലധികം രൂപയുടെ എ സി സ്വന്തമാക്കുന്നവരേറെയാണ്. ഇതുവഴി വൈദ്യുതി ബില്ലും കുത്തനെ ഉയരും. ഇതൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടിനുള്ളിലെ ചൂട് കുറക്കാൻ കഴിയും.

മിക്ക വീടുകളിലും സീലിംഗ് ഫാനുണ്ടാകും. ഇതുപയോഗിച്ച് ഒരു ട്രിക്ക് ഉണ്ട്. ഫാൻ മീഡിയം സ്പീഡിൽ ഇടുക. ശേഷം ഒരു ബക്കറ്റിൽ വെള്ളമെടുത്ത് ഫാനിന് താഴെയോ കാറ്റിന് നേരയോ വയ്ക്കുക. മുറിയിലെ ചൂട് കുറക്കാൻ ഇത് സഹായിക്കും. ഒരു സ്റ്റീൽ പാത്രത്തിൽ ഐസ് ക്യൂബുകളിട്ട് ഫാനിന് കീഴിൽ വയ്‌ക്കുന്നതും മുറിയെ കൂളാക്കും. എന്നാൽ ഒരുപാട് ഐസ് ക്യൂബുകൾ ഇടണം.

വൈകുന്നേരം മുറ്റം നനച്ചിടുന്നതും, രാത്രിയിൽ നിലം തുടയ്ക്കുന്നതും വീടിനുള്ളിലെ ചൂട് കുറയ്‌ക്കാൻ സഹായിക്കും. അതുപോലെ തന്നെ പാമ്പ് അടക്കമുള്ളവയുടെ ശല്യമില്ലാത്ത സ്ഥലമാണെങ്കിൽ രാത്രി ജനൽ തുറന്നിടുന്നതും നല്ലതാണ്. പകൽ പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ ജനൽ തുറന്നിടരുത്. ഇതുവഴി ചൂട് കാറ്റ് അകത്ത് കടക്കും.

ബെഡ്ഷീറ്റും, കർട്ടനുമൊക്കെ ലൈറ്റ് കളർ തിരഞ്ഞെടുക്കുക. ഇളം നിറത്തിലുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക. കടുംനിറം ചൂടിനെ പെട്ടെന്ന് ആകർഷിക്കും. ടെറസിൽ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുന്നതും ചൂടിനെ കുറക്കാൻ സഹായിക്കും.