വ്യത്യസ്തമായ വേഷങ്ങൾക്കൊണ്ടും അഭിനയശൈലി കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയ നടിയാണ് മഞ്ജു പിള്ള. അടുത്തിടെ താരം കൈകാര്യം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരുന്നു. 'ഹോം', 'ഫാലിമി' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യിലും മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. നിവിൻ പോളിയുടെ അമ്മയായാണ് താരം സിനിമയിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ മഞ്ജു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ആർക്കും ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാൻ സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറയുന്നത്. എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ച തന്റെ ഒരു സിനിമയെക്കുറിച്ച് ഒരാൾ മോശമായി പറഞ്ഞെന്നും മഞ്ജു അഭിമുഖത്തിനിടെ പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകളിലേക്ക്...
'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ചിലപ്പോൾ ഇതിനെതിരെ വിമർശനങ്ങൾ വന്നേക്കാം. നമുക്ക് ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. നമുക്ക് ഈ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാൻ സാധിക്കില്ല. എല്ലാവരും പുകഴ്‌ത്തിപ്പറഞ്ഞ സിനിമയാണ് 'ഹോം'. ഒരു മനുഷ്യൻ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല. പക്ഷേ, ഒരാൾ പറഞ്ഞു, ഒരാൾ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്. അതാ പറയുന്നത്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. ഫാലിമിയിലും അങ്ങനെ മോശമായി ഒന്നും കേട്ടിട്ടില്ല. ഒരു പ്രത്യേക വിഭാഗം എപ്പോഴും അതിനെതിരെ പറഞ്ഞുകൊണ്ടിരിക്കും.'