aswathy

ഹോളിവുഡിലേക്ക് ആദ്യ ചുവടുവച്ച സന്തോഷത്തിലാണ് ആലപ്പുഴ വള്ളികുന്നം സ്വദേശി അശ്വതി ബിജു. വിഖ്യാത ഫിലിം മേക്കറായ മറിയാന എല്ലൻബേർഗ് സംവിധാനം ചെയ്യുന്ന രണ്ട് ഹോളിവുഡ് ഡോക്യുമെന്ററികളുടെ പ്രൊഡക്ഷൻ ജോലികൾക്ക് നേതൃത്വം നൽകുന്നത് അശ്വതിയാണ്.

പെൺഭ്രൂണഹത്യയെക്കുറിച്ചും അഭയാർത്ഥി പ്രതിസന്ധിയെക്കുറിച്ചും പറയുന്ന ചിത്രങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും. ന്യൂയോർക്കിലാണ് ചിത്രീകരണം. നിർമ്മിതബുദ്ധി (എ.ഐ) ഉൾപ്പെടെ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന യു.എസിലെ ബ്രെയിൻ ടിക്കിൾ എന്ന കമ്പനിയിലാണ് ഈ ഇരുപത്തിമൂന്നുകാരി ജോലി ചെയ്യുന്നത്.

അക്കൗണ്ടന്റായ ബിജുവിന്റെയും എൽ ആൻഡ് ടിയിൽ സർവീസ്, സെയിൽസ് മേധാവിയായിരുന്ന വിജയലക്ഷ്മിയുടെയും ഏക മകളാണ്. ഇരുവരുടെയും ജോലി ചെന്നൈയിൽ ആയിരുന്നതിനാൽ അശ്വതിയുടെ പഠനവും അവിടെയായി. എം.സി.ടി.എം ചിദംബരം ചെട്ടിയാർ സ്കൂളിലായിരുന്നു പഠനം.

സ്കൂൾ തലത്തിൽ തന്നെ ആനിമേഷൻ, ചിത്രരചന, 3ഡി എന്നിവയിൽ പ്രാവീണ്യം തെളിയിച്ചതോടെ പെൻസിൽവാനിയ സ‌ർവകലാശായിൽ ഒരുമാസത്തെ ആനിമേഷൻ പരിശീലനത്തിന് അവസരം ലഭിച്ചു. 2019ൽ യു.എസിലെ റോഡ് ഐലൻഡിൽ ഫൈൻ ആർട്സ് ഇൻ ഫിലിം, ആനിമേഷൻ കോഴ്സിൽ പ്രവേശനം ലഭിച്ചു. കോളേജിലെ ആനിമേഷൻ വിഭാഗം പ്രൊഫസറായിരുന്നു മറിയാന എല്ലൻബേർഗ്. അശ്വതിയുടെ കഴിവ് തിരിച്ചറിഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. ഏറ്റവും മികച്ച സ്റ്റുഡന്റ് അവാർഡ് നേടിയാണ് പഠിച്ചിറങ്ങിയത്. ബ്രൂക്ലിനിലാണ് താമസം.

കളിയാക്കിയവർക്ക് മറുപടി

ഭ്രൂണഹത്യ പ്രമേയമാക്കിയ ചിത്രങ്ങളാണ് സ്കൂളിൽ വച്ച് അശ്വതി വരച്ചിരുന്നത്. അന്ന് ചെന്നൈയിലെ സ്കൂൾ അധികൃതർ അശ്വതിയെ വഴക്കുപറഞ്ഞു. പക്ഷേ ഒരു ചട്ടക്കൂടിൽ ഒതുങ്ങാൻ അശ്വതി തയ്യാറായില്ല. ലിംഗസമത്വം, വ്യക്തിസ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളിലും ചിത്രങ്ങൾ വരച്ചു. കുട്ടികളുടെ ആനിമേഷൻ സീരീസ് മഞ്ചാടിയിലും പ്രവർത്തിച്ചു.