ദുബായ്: ദിവസേന പത്രം തുറന്നാൽ എല്ലാവരും നെഞ്ചിടിപ്പോടെ വായിക്കുന്ന ഒരു വാർത്തയുണ്ട്. മറ്റൊന്നുമല്ല, സ്വർണവില. അരലക്ഷവും കഴിഞ്ഞ് സ്വർണം കുതിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ വരെ നൽകേണ്ട കാലം വിതൂരമല്ല. ആഗോളതലത്തിലെ പല സാഹചര്യങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. സ്വർണവില നാൾക്കുനാൾ ഉയരുന്ന ഈ സമയത്ത് തന്നെയാണ് ഈ വർഷത്തെ അക്ഷയ തൃതീയ ദിനം എത്തുന്നത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നുചേരുമെന്നാണ് എല്ലാവരുടെയും വിശ്വാസം.
എന്നാൽ ഈ അക്ഷയ തൃതീയ സമയത്ത് ഇന്ത്യക്കാർ കൂടുതൽ സ്വർണം വാങ്ങാൻ യുഎഇയിലേക്ക് വിമാനം കയറാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മേയ് പത്തിനാണ് ഇന്ത്യയിൽ അക്ഷയ തൃതീയ ആഘോഷം. അതുകൊണ്ട് തന്നെ ഈ ആഴ്ചമുതൽ ഇന്ത്യൻ വിനോദ സഞ്ചാരികൾ യുഎഇയിലേക്ക് എത്തിയേക്കുമെന്നാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങാൻ വേണ്ടി മാത്രം ഒരുപാട് പേർ ദുബായിൽ എത്തുന്നുണ്ടെന്ന് ലിയാലി ജുവലറിയുടെ എംഡി അനുരാഗ് സിൻഹ പറഞ്ഞു. ദുബായ് വിവിധ തരത്തിലുള്ള സ്വർണാഭരണങ്ങൾ, നാണയങ്ങൾ, സ്വർണക്കട്ടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ സ്വർണം വാങ്ങുന്നവർക്ക് ആകർഷകമായ സ്ഥലമാക്കി ദുബായിയെ മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക ഓഫറുകളുമായി ജ്വല്ലറികൾ
അക്ഷയ തൃതീയ പ്രമാണിച്ച് ദുബായിലെ പ്രമുഖ ജുവലറികൾ എല്ലാം തന്നെ മികച്ച ഓഫറുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും പണിക്കൂലി പൂർണമായി ഇളവ് നൽകിയും ജുവലറികൾ ഉപഭോക്താക്കളെ ആർഷിക്കുന്നുണ്ട്. എന്നാൽ ഉയർന്ന വില കാരണം ഈ വർഷം ആദ്യ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 10 ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ, ആഭരണങ്ങൾക്കുള്ള ഡിമാൻഡ് രണ്ടാം പാദത്തിൽ ദുർബലമായി തുടരുകയാണ്. സ്വർണവിലയിലെ റെക്കോർഡ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സ്വർണ വിലയും രാജ്യാന്തര ഡിസൈനുകളുടെ ലഭ്യതയും ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വളരെ ആകർഷകമായ സ്ഥലമാക്കി ദുബായിയെ മാറ്റുന്നെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ദുബായിൽ സ്വർണം വാങ്ങാൻ എത്തുന്നവർ കൂടുതലും ഡിസൈനുകൾക്കാണ് പ്രധാന്യം നൽകുന്നതെന്ന് ജ്വല്ലറി ഉടമകൾ വ്യക്തമാക്കുന്നു. കൂടാതെ ഏറ്റവും മികച്ച വിലയ്ക്ക് ലഭിക്കുന്നു എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു.
നികുതി രഹിത ഷോപ്പിംഗ്, ടൂറിസ്റ്റ് റീഫണ്ട് സ്‌കീമുകളുടെ ലഭ്യത പോലുള്ള ദുബായുടെ വിനോദസഞ്ചാര സൗഹൃദ നയങ്ങൾ സ്വർണത്തിനായുള്ള ഒരു ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദുബായിയെ ആകഷിക്കുന്നുണ്ട്. എല്ലാ കാലത്തും ആഗോള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ്. അതുകൊണ്ട് തന്നെ ദുബായിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങാൻ ധാരാളം വിനോദസഞ്ചാരികൾ താൽപ്പര്യപ്പെടുന്നതായി കല്യാൺ ജുവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.