office-peacoking

ഉയർന്ന ശമ്പളമുള്ള തൊഴിൽ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇതിനായി വിദേശത്തേക്ക് പറക്കുന്നവരും നിരവധിയാണ്. ഐടി അടക്കമുള്ള മേഖലയിലെ വമ്പൻ ഓഫറുകളാണ് മിക്കവരെയും ഏറെ ആകർഷിക്കുന്നത്.

പത്തും പന്ത്രണ്ടും മണിക്കൂർ ഓഫീസിൽ കുത്തിയിരുന്ന് ജോലി ചെയ്‌തവർ അല്ലെങ്കിൽ ചെയ്യുന്നവരുണ്ട്. അതിരാവിലെ ഓഫീസിൽ പോകുകയും കിടക്കാൻ മാത്രം വീട്ടിലേക്ക് വരികയും ചെയ്തിരുന്നവരായിരുന്നു ഇവർ. പണത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ ഉറ്റവർക്കൊപ്പം ചെലവഴിക്കാൻ പോലും സമയം ഇല്ലാത്ത അവസ്ഥ. എന്നാൽ ലോകം മുഴുവൻ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ കോർപറേറ്റ് മേഖലയിൽ വമ്പൻ മാറ്റങ്ങളുണ്ടായി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകി.

തുടക്കത്തിലൊക്കെ പലർക്കും വർക്ക് ഫ്രം ഹോം ബുദ്ധിമുട്ടായിരുന്നു. നെറ്റിന് സ്‌പീഡില്ലാത്തതും, ഒരേ സമയം വീട്ടിലെയും ഓഫീസിലെയും കാര്യങ്ങൾ നോക്കാനുള്ള ബുദ്ധിമുട്ടൊക്കെ പല ജീവനക്കാരെയും അലട്ടി. എന്നാൽ പതിയെപ്പതിയെ അത് ശീലമായെന്ന് മാത്രമല്ല, അവർ വർക്ക്‌ ഫ്രം ഹോം ആസ്വദിക്കാനും തുടങ്ങി. കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം കിട്ടാൻ തുടങ്ങി.

work-from-home

കൊവിഡ് വന്ന് നാല് വർഷം പിന്നിട്ടിട്ടും പല ഓഫീസുകളും ഇപ്പോഴും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചുകൊടുത്തിരിക്കുകയാണ്. ഓഫീസിൽ പോയി ജോലി ചെയ്യാൻ ജീവനക്കാർ വിമുഖത കാണിക്കുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണം.

ജീവനക്കാരുടെ ഈ വിമുഖത 'ഓഫീസ് പീക്കോക്കിംഗ്' എന്ന പുതിയ പ്രവണതയ്ക്ക് കാരണമായിരിക്കുകയാണ്. എന്താണ് ഓഫീസ് പീക്കോക്കിംഗ്? എന്തുകൊണ്ടാണ് ഈ വാക്ക് സോഷ്യൽ മീഡിയയിൽ ഉടനീളം ട്രെൻഡായി കൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

ഓഫീസ് പീക്കോക്കിംഗ്

ഒരു കോർപറേറ്റ് ഓഫീസിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം എന്തൊക്കെയാണ് നിങ്ങളുടെ മനസിലേക്ക് വരുന്നത്? വെള്ള പെയിന്റടിച്ച ഓഫീസിൽ കമ്പ്യൂട്ടറും, കസേരയും, പരസ്‌പരം ആരോടും അടുപ്പമില്ലാതെ ജോലി ചെയ്യുന്നതും, സീനിയർ ഉദ്യോഗസ്ഥന്റെ വഴക്കും ഒക്കെയുള്ള പരമ്പരാഗതമായ ഓഫീസായിരിക്കും പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക

മടുപ്പിക്കുന്ന ഇത്തരം കാഴ്ചകൾക്ക് പകരം ഓഫീസ് അന്തരീക്ഷം കുറച്ച് കളർഫുള്ളായാലോ? അത് നിങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പല്ലേ ചുരുക്കിപറഞ്ഞാൽ ഈ പോസിറ്റീവ് വൈബാണ്‌ ഓഫീസ് പീക്കോക്കിംഗ് എന്നുപറയുന്നത്.

ജോലി സ്ഥലത്തേക്ക് വരാൻ വിമുഖത കാണിക്കുന്ന ജീവനക്കാരെ ആകർഷിക്കാനായി സ്‌റ്റൈലിഷ് ഡെക്കറേഷനും, ട്രെൻഡി ഫർണിച്ചറുകളും, ഇൻഡോർ പ്ലാന്റുകളുമടങ്ങിയ പോസിറ്റീവ് അന്തരീക്ഷമൊരുക്കുകയാണ് പല കോർപറേറ്റ് സ്ഥാപനങ്ങളും ചെയ്യുന്നത്. ഇതുവഴി ഓഫീസിലേക്ക് വരാനുള്ള താത്പര്യം കൂടുമെന്ന് മുതലാളിമാർ കരുതുന്നു.

office

ചില സ്ഥാപനങ്ങളിൽ ജോലി ചെയ്ത് മടുക്കുന്നവർക്കായി വിനോദ മുറികളും, ഉറങ്ങാനായിട്ടുള്ള മുറികളുമൊക്കെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാർ കളർഫുള്ളായി വരട്ടെയെന്ന് കരുതി മടുപ്പിക്കുന്ന യൂണിഫോമുകൾ വേണ്ടെന്ന്‌വയ്ക്കുകയാണ് മറ്റു പല സ്ഥാപനങ്ങളും ചെയ്തത്.

'തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയുമെങ്കിൽ ഓഫീസിലേക്ക് പോകാൻ ഇഷ്ടപ്പെടുമെന്നാണ് നാല് ജീവനക്കാരിൽ ഒരാൾ (24 ശതമാനം) പറഞ്ഞത്- ഒരു തൊഴിലുടമ പറഞ്ഞു. ജീവനക്കാരെ ഓഫീസിൽ കംഫർട്ടാക്കുകയാണ് ഓഫീസ് പീക്കോക്കിംഗിന്റെ ലക്ഷ്യം.

ജീവനക്കാരുടെ ഭീഷണി

62 ശതമാനം ജീവനക്കാരെങ്കിലും വർക്ക് ഫ്രം ഹോം തുടരാനായി 10 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഫീസിലേക്ക് വരണമെന്ന് നിർബന്ധിച്ചാൽ നാല് ശതമാനം പേർ രാജിവച്ച്, വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കമ്പനികൾ തേടിപ്പോകുന്നു.

office-peacoking

ഓഫീസിലേക്ക് വരണമെന്ന് പറയുമ്പോൾ, യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും, ഓഫീസിനടുത്ത് ഹോസ്റ്റലുകളും മറ്റും കിട്ടുന്നില്ലെന്നൊക്കെ പറയുന്നവരും നിരവധിയാണ്. ഉദാഹരണത്തിന് ബംഗളൂരിലെ കമ്പനിയിലും മറ്റും ജോലിയുള്ള മലയാളി ജീവനക്കാരൻ വീട്ടിലിരിക്കാൻ വേണ്ടി യാത്രാ ബുദ്ധിമുട്ടുകളൊക്കെ പറയുന്നതുപോലെ.


കോഫി ബാഡ്ജിംഗും പോളി വർക്കിംഗും

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ ഉടനീളം ട്രെൻഡായ വാക്കായിരുന്നു 'കോഫി ബാഡ്ജിംഗ്'. എന്താണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ജോലി സ്ഥലത്തേക്ക് മടങ്ങാൻ മടി കാണുന്ന ജീവനക്കാരാണ് ഇങ്ങനെ ചെയ്യുന്നത്. കുറച്ച് സമയത്തേക്ക് ഓഫീസിൽ പോകുകയും, അവിടെച്ചെന്ന് സഹപ്രവർത്തകർക്കൊപ്പം കോഫിയൊക്കെ കുടിച്ച്, ഓഫീസിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് തിരിച്ചുപോകുകയും ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യുകയും ചെയ്യുന്നു. ഇതാണ്‌ കോഫി ബാഡ്ജിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം, ചില ജീവനക്കാർ 'പോളി വർക്കിംഗ്' എന്ന ആശയം പോലും പിന്തുടരുന്നുണ്ടായിരുന്നു. അതായത് ജീവനക്കാർ രണ്ടോ അതിലധികമോ കമ്പനിയിൽ ഒരേ കാലഘട്ടത്തിൽ ജോലി ചെയ്യുന്നു. വർക്ക് ഫ്രം ഹോം ആയതിനാൽ തൊഴിലുടമ ഇതറിയുകയുമില്ല. ഒന്നിലധികം വരുമാനവും ലഭിക്കും.

work