ടെഹരി: ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ റാവൽജി എച്ച്.എച്ച് ഈശ്വരപ്രസാദ് നമ്പൂതിരിയെ തിലകം ചാർത്തി ആദരിച്ച് ടെഹരി രാജകുടുബം. നൂറ് വർഷങ്ങൾക്ക് ശേഷമാണ് രാജകുടുബം ബദരിനാഥ് ക്ഷേത്രത്തിലെ പുരോഹിതനെ ആദരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ മഹാരാജാവിന് തുല്യമായ പദവി റാവൽജിക്ക് ലഭിക്കും. പണ്ട് കാലം മുതൽ നിലനിന്നിരുന്ന ചടങ്ങ് ചില കാരണങ്ങളാൽ നിർത്തിവച്ചിരുന്നു. നൂറ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ചടങ്ങ് വീണ്ടും നടക്കുന്നത്.
പണ്ടുകാലത്ത് തിരുവിതാംകൂർ രാജാവിന്റെ അടുത്തുനിന്ന് ബദരിനാഥിലേക്ക് പൂജ കഴിപ്പിക്കാൻ പുരോഹിതന്മാരെ എത്തിക്കുന്നത് ടെഹരി രാജകുടുംബമായിരുന്നു. ഈ പുരോഹിതരെ ആദ്യത്തെ നാല് വർഷത്തിന് ശേഷം അധികാരിയായി മാറ്റും. അതിന് ശേഷം മാത്രമേ റാവൽജി പദവി നൽകുകയുള്ളൂ. ഈ പദവി നൽകുന്ന സമയത്താണ് വളയണിയിച്ച് ആദരിക്കുന്നത്. ഈ ചടങ്ങാണ് നൂറ് വർഷങ്ങൾക്ക് ശേഷം നടന്നത്.
ആദ്യ പൂജ ടെഹരി രാജാവിന്റെ പേരിൽ, രണ്ടാമത് പ്രധാനമന്ത്രിക്ക്
ഉത്തരാഖണ്ഡിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രം ഈ മാസം 12ന് ആണ് തുറക്കുന്നത്. ശങ്കര ജയന്തി ദിവസത്തിലാണ് നട തുറക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. വിശേഷാൽ പൂജയും മഹാഭിഷേകവും അന്നു നടക്കും. ടെഹരി രാജാവിന്റെ പേരിലാണ് അദ്യത്തെ പൂജ. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ രണ്ടാമത്തെ പൂജ നടക്കും.
അടുത്തിടെ മള്ളിയൂർ ശങ്കരസമൃതി പുരസ്കാരം റാവൽജിയെ തേടിയെത്തിയിരുന്നു. മള്ളിയൂർ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസമൃതി പുരസ്കാരമാണ് അടുത്തിടെ ബദരിനാഥ് റാവൽജി എച്ച്.എച്ച് ഈശ്വരപ്രസാദ് നമ്പൂതിരിക്ക് ലഭിച്ചത്. അനുഷ്ഠാനത്തിൽ ഉള്ള ശ്രദ്ധയും, ധർമ്മാചരണത്തിൽ പുലർത്തുന്ന നിഷ്കർഷയും ആത്മീയ സേവന രംഗത്തുള്ള ദീർഘപരിചയവും കണക്കിലെടുത്താണ് പുരസ്കാരം. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും എന്നിവയാണ് പുരസ്കാരത്തിൽ അടങ്ങിയിരിക്കുന്നത്.