അമേഠി: അമേഠിയിലെ കോൺഗ്രസ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഓഫീസിനു പുറത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അമേഠിയിൽ ചൂടുപിടിച്ച പ്രചാരണം നടക്കുന്നതിനിടെയാണ് സംഭവം. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.
ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗൽ അമേഠിയിലെ പാർട്ടി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.