court-order

ലക്‌നൗ: ബലാത്സംഗക്കേസിൽ വ്യാജമൊഴി നൽകിയ യുവതിക്ക് നാലുവർഷം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബരേയ്‌ലിയിലെ കോടതിയാണ് 21കാരിക്ക് 1653 ദിവസത്തെ തടവുശിക്ഷ വിധിച്ചത്. ബലാത്സംഗക്കേസിൽ പ്രതിയായിരുന്ന യുവാവ് അനുഭവിച്ച അതേ ശിക്ഷാകാലയളവ് തന്നെ യുവതിയും അനുഭവിക്കണമെന്നാണ് കോടതി വിധി. നാലുവർഷവും ആറുമാസവും എട്ടുദിവസവുമാണ് യുവാവ് ജയിൽശിക്ഷ അനുഭവിച്ചത്. ഇതിനുപുറമെ 5.88 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നുമാരോപിച്ച് 2019ലാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് 25കാരൻ അറസ്റ്റിലാവുകയായിരുന്നു. കേസിന്റെ വിചാരണക്കിടെ യുവതി മൊഴിമാറ്റി. 25കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നത് നിഷേധിച്ചു. ഇതോടെയാണ് വ്യാജമൊഴി നൽകിയതിന് യുവതിക്കെതിരെ കേസെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് യുവതിക്കെതിരെ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.

യുവതി മൊഴിമാറ്റിയതിന് പിന്നാലെ ‌ 25കാരനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ജയിലിൽ കിടന്ന കാലയളവിൽ യുവാവിന് കിട്ടേണ്ടിയിരുന്ന വരുമാനമാണ് പിഴത്തുകയായി കോടതി വിധിച്ചത്. 2019 സെപ്‌തംബർ 30 മുതൽ 2024 ഏപ്രിൽ എട്ടുവരെയാണ് യുവാവ് ജയിൽശിക്ഷ അനുഭവിച്ചത്.