child

ചെന്നൈ: കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ വിഴുങ്ങിയ എൽഇഡി ബൾബ് ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ നിന്ന് രണ്ട് തവണ ബ്രോങ്കോപ്‌സി രീതിയിലൂടെ ശ്വാസ നാളത്തിൽ തറച്ച എൽഇഡി ബൾബ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ചെന്നൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സിടി സ്‌കാനിലൂടെ ബൾബ് ഏത് ഭാഗത്താണ് തറച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ ശേഷം ശസ്‌ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. 3. 2 സെന്റി മീറ്റർ നീളമുള്ള എൽഇഡി ബൾബാണ് കുട്ടിയുടെ ശ്വാസ നാളത്തിൽ തറച്ചിരുന്നത്. മൂന്ന് പീഡിയാട്രിക് സർജൻമാരുടെയും അനസ്‌തേഷ്യ വിദഗ്ദ്ധരുടെയും സാന്നിദ്ധ്യത്തിലാണ് എൽഇഡി ബൾബ് ബ്രോങ്കോസ്പിയിലൂടെ മാറ്റിയത്. കോശങ്ങളിൽ അണുബാധ ഉണ്ടായേക്കാവുന്ന സാഹചര്യത്തിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

ദിവസങ്ങളോളം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. ഡോക്‌ടർമാർ നിരന്തരം ശ്രമിച്ചുവെങ്കിലും ബ്രോങ്കോപ്‌സി ചെയ്യുന്നതിനിടെ ബൾബ് ആഴത്തിൽ തറച്ചുകയറുകയായിരുന്നു. തുടർന്ന് മറ്റൊരു മാർഗം ഇല്ലാതായതോടെയാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.