അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.
മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് റാസൽഖൈമയിലുള്ള ഷെലീമിന്റെ പിതാവ് സലീമിനെ സഹതാമസക്കാർ വിവരമറിയിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതർ പറയുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിലേയ്ക്ക് മാറ്റി. അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ നാല് മാസങ്ങൾക്കുമുൻപ് അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. കോഴിക്കോട് രാമനാട്ടുകാര സ്വദേശി സഹീർ (44) ആണ് കണ്ണൂരിൽ ജോലിക്കിടെ മരിച്ചത്. 19 വർഷമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു. ജനുവരിയിലാണ് നാട്ടിലേയ്ക്ക് പോയത്. മേയ് ഒന്നിന് തിരികെ പോകാനിരിക്കെ അവധി നീട്ടി നൽകുകയായിരുന്നു.