f

ചില പ്രഹരങ്ങൾ ശരീരത്തിൽ ഏല്പിക്കുന്നതിനേക്കാൾ ആഴത്തിൽ മുറിവേല്പിക്കുന്നത് മനസിനെയാകും. ശരീരത്തിലേറ്റ ക്ഷതത്തിന്റെയോ മുറിവിന്റെയോ പാട് ദിവസങ്ങൾ കഴിയുമ്പോൾ മാഞ്ഞുപോകും. മനസിലെ ആ മുറിവ് ഒരിക്കലും ഉണങ്ങാതെ,​ അതിന്റെ പാട് ഒരുകാലത്തും മായാതെ നിത്യനൊമ്പരമായി ജീവിതത്തിലുടനീളം ഓർമ്മയിൽ തിണർത്തുകിടക്കുകയും ചെയ്യും. രാജ്യത്തിന്റെ പരമോന്നത കോടതിയിലെ മുഖ്യന്യായാധിപന്റെ മനസിൽപ്പോലും അദ്ദേഹം അഞ്ചാം ക്ളാസ് വിദ്യാർത്ഥിയായിരിക്കെ നിസാരമായൊരു ഓർമ്മപ്പിശകിന് അദ്ധ്യാപകൻ അന്നു നല്കിയ ശിക്ഷയുടെ മുറിപ്പാട് ഇപ്പോഴും തെളിഞ്ഞുകിടപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ആ ന്യായാധിപൻ തന്നെയാണ്. ​ ബാലനീതിയെക്കുറിച്ച് നേപ്പാൾ സുപ്രീം കോടതി സംഘടിപ്പിച്ച സിമ്പോസിയത്തിലെ പ്രസംഗത്തിനിടെയാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‌ഡ് പത്താംവയസിൽ അദ്ധ്യാപകനിൽ നിന്ന് തനിക്കേറ്റ മാനസികാഘാതം ഇന്നും മറന്നിട്ടില്ലെന്ന് രാജ്യത്തെ മുഴുവൻ അദ്ധ്യാപകരെയും ഓർമ്മിപ്പിച്ചത്!

'ചൊല്ലിപ്പഠിപ്പിച്ചാൽ പോരാ,​ തല്ലിപ്പഠിപ്പിക്കണം" എന്നത് വെറുമൊരു ചൊല്ലായല്ല,​ ക്ളാസിലെ പ്രയോഗ ശാസ്ത്രമായിത്തന്നെ സ്വീകരിച്ചവരാണ് അദ്ധ്യാപകരിലെ പഴയ തലമുറ. 'നല്ല തല്ലു കൊടുക്കണം സാറേ" എന്ന് അത്തരം അദ്ധ്യാപകരെ പ്രോത്സാഹിപ്പിച്ചിരുന്നവരാണ് ഭൂരിപക്ഷം അച്ഛനമ്മമാരും. കുട്ടി നന്നായി പഠിക്കണമെന്നും,​ പഠിച്ചു നന്നാവണമെന്നുമുള്ള സുദുദ്ദേശ്യമേ അന്നത്തെ അടിക്കു പിന്നിലുണ്ടായിരുന്നുള്ളൂ എന്ന് വേണമെങ്കിൽ ന്യായം പറയാം. പക്ഷേ,​ അത്തരം കഠിനശിക്ഷകൾ ആ വിദ്യാർത്ഥിയുടെ മനസിനെയും അവന്റെ അഭിമാനബോധത്തെയും എത്ര ആഴത്തിൽ മുറിവേല്പിച്ചിരിക്കാമെന്നും ആരെങ്കിലും ഓ‌ർമ്മിച്ചിരിക്കുമോ?​ സഹപാഠികൾക്കു മുന്നിൽ പരിഹാസപാത്രമാകേണ്ടി വന്ന ആ ഒരു നിമിഷം,​ അവന്റെ പില്ക്കാല ജീവിതത്തെ എങ്ങനെയെങ്കിലും ബാധിച്ചിരിക്കുമോ എന്നും ആരും ചിന്തിക്കില്ല. പക്ഷേ,​ ആ കുട്ടി അതു മറന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണ്, അഞ്ചാം വയസിലെ പഴയൊരു മുറിപ്പാടിന്റെ കഥ അറുപത്തിനാലാം വയസിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സങ്കടപൂർവം പറഞ്ഞത്.

പാഠ്യപദ്ധതിയും അദ്ധ്യയനരീതികളും മാറിയതിനൊപ്പം ഭാഗ്യവശാൽ അദ്ധ്യാപകരുടെ ശിക്ഷാശീലവും മാറിയിട്ടുണ്ട്. എന്നു മാത്രമല്ല,​ കുട്ടികളുടെ അവകാശം,​ ബാലനീതി തുടങ്ങിയ വിഷയങ്ങൾ രാജ്യാന്തരതലത്തിൽ പരക്കെ ചർച്ച ചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പണ്ടത്തേപ്പോലുള്ള ക്രൂരപ്രഹര ശിക്ഷകൾ പൊതുവെ കുറയുകയും,​ അത്തരം പ്രാകൃതകൃത്യങ്ങളുടെ പേരിൽ ചില അദ്ധ്യാപകർ നിയമനടപടികൾക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട് എന്നതു ശരിതന്നെ. അതേസമയം,​ വിദ്യാർത്ഥികളോട് ക്രൂരമനസോടെ പെരുമാറുകയും,​ അവരെ സഹപാഠികൾക്കു മുന്നിൽ പരിഹാസ കഥാപാത്രമാക്കുന്ന മട്ടിൽ വിചിത്രശിക്ഷകൾ വിധിക്കുകയും ചെയ്യുന്ന അദ്ധ്യാപകർ ചുരുക്കമായെങ്കിലും ഇപ്പോഴുമുണ്ട്! അദ്ധ്യയനം ശിക്ഷണമാണ്. അത് ശിക്ഷയല്ല. ശിക്ഷിക്കപ്പെടേണ്ടവരാണ് വിദ്യാർത്ഥികളെന്ന മനോഭാവത്തിനാണ് ആദ്യം മാറ്റം വരേണ്ടത്.

ശിക്ഷകൾ കൂടാതെ നല്ല ശിക്ഷണത്തിലൂടെ ഒരു കുട്ടിയുടെ ഗ്രഹണശേഷി വർദ്ധിപ്പിക്കുകയും,​ അവന്റെയോ അവളുടെയോ ബോധനനിലവാരം ഉയർത്തുകയും ചെയ്യാനുള്ള ശേഷിയാണ് നല്ല ഗുരുവിന്റെ യഥാർത്ഥ ശേഷി. അന്ധകാരം നീക്കുന്നയാളാണ് ഗുരു. ക്ളാസ് മുറികളിലെ ക്രൂരശിക്ഷകൾ കുട്ടികളുടെ മനസിൽ അറിവിന്റെ പ്രകാശം നിറയ്ക്കുകയല്ല,​ അപകർഷതാബോധത്തിന്റെയും പ്രതികാരബുദ്ധിയുടെയും ഇരുട്ട് നിറയ്ക്കുകയേ ചെയ്യൂ. ഓരോ കുട്ടിയുടെയും വിവരഗ്രഹണ ശേഷിയും വേഗവും വ്യത്യാസപ്പെട്ടിരിക്കും. കുടുംബസാഹചര്യങ്ങൾ കാരണം പഠനത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ബുദ്ധിമുട്ടുള്ള കുട്ടികളുണ്ടാകാം. കേൾവി പരിമിതി,​ കാഴ്ചത്തകരാറുകൾ,​ പഠനവൈകല്യങ്ങൾ എന്നിവയൊക്കെ തടസങ്ങളാകാം. ഇതൊക്കെ തിരിച്ചറിഞ്ഞ്,​ ഓരോ കുട്ടിയെയും പ്രത്യേകമായി ശ്രദ്ധിക്കാൻ കഴിയണം. അങ്ങനെയാണ് ക്ളാസിൽ ഒരു യഥാർത്ഥ അദ്ധ്യാപകൻ ജനിക്കുന്നത്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയ,​ അദ്ദേഹത്തിന്റെ ബാല്യകാലാനുഭവം ഓരോ അദ്ധ്യാപകനും മനസിലുണ്ടാകട്ടെ.