money

തിരുവനന്തപുരം: ആലപ്പുഴ സ്വദേശിനിയുടെ മരണത്തെത്തുടര്‍ന്ന് അപ്രതീക്ഷിതമായിട്ടാണ് അരളിപ്പൂ വില്ലനായി മാറിയിരിക്കുന്നത്. ആലപ്പുഴയിലെ സംഭവത്തോടെ അരളിപ്പൂവിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ മട്ടിലാണ് കേരളത്തില്‍ കാര്യങ്ങള്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന അരളിപ്പൂ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുകൊണ്ട് തന്നെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ കേരളം തീരുമാനിച്ചാല്‍ അതിലൂടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കുക.

ക്ഷേത്രങ്ങളില്‍ നിവേദ്യം-പ്രാസാദ പൂജകള്‍ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. ഔദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് നിവേദ്യപൂജകള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവില്‍ വിഷമുണ്ടെന്നു റിപ്പോര്‍ട്ട് കിട്ടിയാല്‍ നിരോധിക്കാനാണ് തീരുമാനം.

ആലപ്പുഴയിലെ സംഭവ വികാസങ്ങളും തുടര്‍ന്ന് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചര്‍ച്ച സജീവമായതോടെയാണ് പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് അരളിപ്പൂ പടിക്ക് പുറത്തായത്. ഇപ്പോള്‍ പുഷ്പാഭിഷേകത്തിനും നിറമാലയ്ക്കും ഭക്തരുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകള്‍ക്കും മാത്രമാണ് അരളിപ്പൂ ഉപയോഗിക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ വിശദീകരിക്കുന്നു. വിവിധ പൂജകളുമായി ബന്ധപ്പെട്ട് അരളിപ്പൂവിന്റെ സ്ഥാനം പ്രധാനമായതിനാലാണ് ഇതുവരെ ഒരു ദേവസ്വം ബോര്‍ഡും ഔദ്യോഗികമായി വിലക്കാത്തത്.

അതിര്‍ത്തി ജില്ലയായ തിരുവനന്തപുരത്ത് പ്രധാനമായും തമിഴ്‌നാട്ടിലെ തോവാളയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നും കൊല്ലത്തും പരിസരപ്രദേശങ്ങളിലും തെങ്കാശിയില്‍ നിന്നുമാണ് അരളി ഉള്‍പ്പെടെയുള്ള പൂക്കള്‍ എത്തിക്കുന്നത്. കടകളിലെത്തിക്കുമ്പോള്‍ കിലോഗ്രാമിന് 300 രൂപവരെ വില നല്‍കിയാണ് ഇത് വാങ്ങുന്നത്. പുതിയ സാഹചര്യത്തില്‍ അരളിപ്പൂ വാങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.