old-people

തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളെ ഉപദ്രവിക്കുന്ന മക്കളുടെ ക്രൂരത നിറഞ്ഞ പെരുമാറ്റം സമീപകാലത്ത് കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ക്രൂരത നിറഞ്ഞ ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും മോശം പെരുമാറ്റത്തിന് മാത്രം കുറവില്ല. ഇത്തരം സംഭവങ്ങളില്‍ നടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ഇനി നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും.

മക്കളുടേയോ സ്വത്തിന്റെ അവകാശികളായ പിന്തുടര്‍ച്ചാവകാശിയുടേയൊ പീഡനത്തിനോ മര്‍ദ്ദനത്തിനോ ഇരയായാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക പൊലീസ് സെല്‍ സംവിധാനെ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഓരോ സ്‌റ്റേഷനിലും ഇതിനായി പ്രത്യേകം പൊലീസുകാരെ നിയോഗിക്കണം.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അതുലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു കടക്കാം.

മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും. വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളായിരിക്കണം. ഇവരുള്‍പ്പെടെ ഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ നിയോഗിക്കാനുള്ള ചുമതല ജില്ലാ കളക്ടര്‍ക്കായിരിക്കും.