ആലപ്പുഴ: കേരളത്തില്‍ ദേശീയപാതയുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന വികസനത്തില്‍ നിര്‍ണായകമായ സ്വാധീനം വഹിക്കാന്‍ ദേശീയപാതയുടെ നിര്‍മാണം പൂര്‍ണമാകുമ്പോള്‍ സാദ്ധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്‍എച്ച് 66ന്റെ ഭാഗമായി ആലപ്പുഴ അരൂര്‍- തുറവൂര്‍ റൂട്ടില്‍ നിര്‍മ്മിക്കുന്ന ആകാശപ്പാത രാജ്യത്തെ തന്നെ വമ്പന്‍ പാതകളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന ഒന്നാണ്. ആകാശപ്പാതയുടെ ഭാഗമായി 374 തൂണുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 30 ശതമാനത്തിലധികം തൂണുകളും നിര്‍മ്മിക്കുന്ന പണി പുരോഗമിക്കുകയാണ്.
അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോമീറ്ററില്‍ 374 തൂണുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് പാകമായി 115 തൂണുകളും കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി 53 തൂണുകള്‍ക്ക് കമ്പികള്‍ കെട്ടി തയ്യാറായിവരുന്നു. ജൂണില്‍ കാലവര്‍ഷത്തിന് മുമ്പ് പരമാവധി തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം.
24 മീറ്റര്‍ വീതിയിലാണ് അരൂര്‍ തുറവൂര്‍ ആകാശപ്പാത. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മ്മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപ്പാതയാണ് ഇവിടെ നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയരപാതയ്ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. ആറു വരി ഉയരപാതയ്ക്കു പുറമേ വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിര്‍മിക്കുന്നുണ്ട്. 1,675 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കിയിട്ടുള്ളത്.