actor-dileep

കൊച്ചി: ജനപ്രിയ നായകന്‍ ദിലീപ് സിനിമാ സെറ്റില്‍ പൊട്ടിക്കരഞ്ഞ ശേഷം ആടിത്തകര്‍ത്തതാണ് ആ സൂപ്പര്‍ഹിറ്റ് സിനിമയിലെ സൂപ്പര്‍ ഗാനമെന്ന് അധികമാര്‍ക്കും അറിയില്ല. വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പൊള്ളാച്ചിയിലെ സെറ്റില്‍ മരത്തിന് കീഴില്‍ പൊട്ടിക്കരഞ്ഞ ശേഷമാണ് താരം ഗാനരംഗത്തില്‍ അഭിനയിച്ചത്.

മീശമാധവന്‍ എന്ന ഹിറ്റ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റായ ഗാനങ്ങളായിരുന്നു 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍', 'അട്ടക്കടി പൊട്ടക്കുളം' എന്നിവ. എന്നാല്‍ ഈ ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് ദിലീപ് കടന്ന് പോയത് വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെയായിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ ഈ വിഷമം ഒട്ടും പ്രകടമാക്കാതെയാണ് താരം ആടിത്തകര്‍ത്തത്.

ഒരു കോടതി വിധിയുടെ പേരില്‍ സിനിമയില്‍ നിന്നും വിലക്കപ്പെട്ട, ഒരു നിര്‍മാതാവുമായുള്ള വിഷയത്തിലായിരുന്നു ദിലീപ് അന്ന് ഗാനരംഗത്തിലെ ചിത്രീകരണത്തിന് മുമ്പ് പൊട്ടിക്കരഞ്ഞത്.

'മറ്റുള്ളവരുടെ മുന്നില്‍ താന്‍ വില്ലനായി മാറിക്കഴിഞ്ഞിരുന്നു. മീശ മാധവന്റെ മറ്റു ഭാഗങ്ങള്‍ ചെയ്ത് ഗാനരംഗങ്ങള്‍ അവസാനത്തേക്കു മാറ്റി. ഡാന്‍സ് എന്നാല്‍ കേട്ടാലേ ടെന്‍ഷന്‍ ആണ്. ആ സമയത്താണ് മാനസിക പിരിമുറുക്കത്തിലൂടെയുള്ള കടന്നുപോക്ക്' - ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

2002ല്‍ റിലീസ് ചെയ്ത 'മീശ മാധവന്‍' ബോക്‌സ് ഓഫീസില്‍ 1.45 കോടി രൂപ നേടിയ ചിത്രമാണ്. ഗാനരംഗം ചിത്രീകരിക്കുന്നതിന് മുമ്പ് പൊട്ടിക്കരഞ്ഞപ്പോള്‍ ദിലീപിന് ആരാണ് ഫോണ്‍ നല്‍കിയത് എന്ന് ചേദിച്ച് സംവിധായകന്‍ ലാല്‍ജോസിന് സെറ്റില്‍ കയര്‍ത്ത് സംസാരിക്കേണ്ടതായും വന്നിരുന്നു.