rajeevna
രാജീവൻ

ഇരിട്ടി: പടിയൂരിൽ മദ്യലഹരിയിലായ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. ചാളംവയൽ കോളനിയിലെ സജീവൻ ആണ് ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ് തളർന്നു വീണ രാജീവനെ, കോളനി വാസികളും നാട്ടുകാരും ചേർന്ന് ഉടൻഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈത്തണ്ടയിലും മറ്റും കുത്തേറ്റ പാടുകളുണ്ട്.

കൂലിത്തൊഴിലാളികളായ ഇവർ തമ്മിൽ രണ്ടു ദിവസമായി വീട്ടിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ രാജന്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: രജീഷ്, സൗരവ്.