തിരുവനന്തപുരം: റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് വാഹന പരിശോധന ശക്തമാക്കി പൊലീസ്. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് നടത്തിയ വ്യാപക പരിശോധനയില്‍ 46 ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് വ്യാപക പരിശോധന നടത്തിയത്. വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് പത്ത് ഡ്രൈവര്‍മാരില്‍ നിന്ന് ഫൈന്‍ ഈടാക്കി. മദ്യലഹരിയില്‍ വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.
റോഡ് അപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിശോധന വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുക, മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ പ്രവണതകള്‍ സംസ്ഥാനത്ത് കൂടിവരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത്തരം പ്രവണത റോഡില്‍ നിയമം പാലിച്ച് വണ്ടിയോടിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുന്ന അവസ്ഥയുണ്ട്.
സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളിലും ഹൈവേകളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. പിടിക്കപ്പെടുന്നവര്‍ക്ക് ഒരു ഇളവും നല്‍കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ തീരുമാനം. അതോടൊപ്പം തന്നെ ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.