ipl

മുംബയ്: തുടര്‍ച്ചയായി നാല് തോല്‍വികള്‍ക്ക് ശേഷം ഒടുവില്‍ മുംബയ് ഇന്ത്യന്‍സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 16 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റുകള്‍ക്കാണ് മുംബയ് വിജയിച്ചത്. തുടക്കത്തില്‍ പതറിയെങ്കിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി സൂര്യകുമാര്‍ യാദവ് 102*(51) നിറഞ്ഞാടിയപ്പോള്‍ മുംബയ് അനായാസം വിജയിച്ച് കയറുകയും ചെയ്തു. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി മുംബയ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് ഒരുപടി കയറി ഒമ്പതാം സ്ഥാനത്ത് എത്തി.

സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 173-8 (20), മുംബയ് ഇന്ത്യന്‍സ് 174-3 (17.2)

174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് ഇന്ത്യന്‍സിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ 9(7), മുന്‍ നായകന്‍ രോഹിത് ശര്‍മ്മ 4(5), മൂന്നാമനായി എത്തിയ നമന്‍ ധീര്‍ 0(9) എന്നിവര്‍ പുറത്താകുമ്പോള്‍ 4.1 ഓവറില്‍ 3ന് 31 എന്ന നിലയിലായിരുന്നു മുംബയ്. അവിടെ നിന്ന് യുവതാരം തിലക് വര്‍മ്മ 37*(32)യെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് സണ്‍റൈസേഴ്‌സിന് മുകളില്‍ ഉദിച്ചുയരുകയായിരുന്നു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൂര്യ-തിലക് സഖ്യം 143 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. മുന്‍നിരയിലും മദ്ധ്യനിരയിലും പതിവ് തെറ്റിച്ച് ആരും വലിയ സ്‌കോര്‍ നേടാതെ മടങ്ങി. അഭിഷേക് ശര്‍മ്മ 11(16), മായങ്ക് അഗര്‍വാള്‍ 5(6), നിതീഷ് കുമാര്‍ റെഡ്ഡി 20(15), ക്ലാസന്‍ 2(4) എന്നിവര്‍ നിരാശപ്പെടുത്തി. മാര്‍ക്കോ ജാന്‍സന്‍ 17(12), ഷാബാസ് അഹ്മദ് 10(12), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 35*(17) എന്നിവരാണ് സ്‌കോര്‍ 170 കടത്തിയത്. മുംബയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, പിയൂഷ് ചാവ്‌ള എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.