car

ന്യൂഡല്‍ഹി: നമ്മുടെ നിരത്തുകളില്‍ ഒരു കാലത്ത് അംബാസിഡര്‍ കാറുകള്‍ സൃഷ്ടിച്ച ഓളം ഒന്ന് വേറെ തന്നെയായിരുന്നു. വാഹനപ്രേമികള്‍ക്കിടയില്‍ പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട് അംബാസിഡര്‍ കാറുകള്‍ക്ക്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കളം വിട്ട വിന്റേജ് വാഹനം ഇപ്പോള്‍ മടങ്ങിവരവിന് തയ്യാറെടുക്കുന്നുവെന്ന സന്തോഷവാര്‍ത്തയാണ് വാഹനപ്രേമകളെ തേടിയെത്തുന്നത്.

പഴയ മോഡലില്‍ നിന്ന് കാലഘട്ടത്തിന് അനുയോജിച്ച മാറ്റം രൂപത്തിലും ഭാവത്തിലും വരുത്തിയാണ് അംബാസിഡര്‍ രണ്ടാം വരവിന് ഒരുങ്ങുന്നത്. മോശം വില്‍പ്പനയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം 2013-14 കാലഘട്ടത്തില്‍ അംബാസഡറിന്റെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു.

അംബാസഡര്‍ കാറിനെ ഈ വര്‍ഷം പുത്തന്‍ രൂപത്തില്‍ വിപണിയിലിറക്കാനുള്ള തീരുമാനത്തിലാണ് കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്. കമ്പനിയുടെ ഉപസ്ഥാപനമായ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോയും ചേര്‍ന്നാണ് പുത്തന്‍ അംബാസഡറിനെ നിരത്തിലിറക്കുന്നത്.

നിലവില്‍ പുതിയ അംബാസഡറിന്റെ എഞ്ചിന്റെ ഭാഗങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഡംബര കാറുകള്‍ നിരത്ത് കീഴടക്കുന്ന ഇന്നത്തെ കാലത്ത് തിരിച്ചുവരവിലൂടെ അംബാസിഡര്‍ ലക്ഷ്യമിടുന്നത് മിഡില്‍ ക്ലാസ് ഉപയോക്താക്കളായ വാഹനപ്രേമികളെയായിരിക്കുമെന്നാണ് സൂചന.