coconut

കോട്ടയം : മലയാളിയുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാതെ ഒന്നാണ് തേങ്ങ. എന്നാല്‍ വിപണിയില്‍ നാടന്‍തേങ്ങയുടെ പ്രതാപം അസ്തമിക്കുകയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതോടെ വിപണി നിറയെ വരവുതേങ്ങയാണ്. ഒരു കിലോ തേങ്ങയ്ക്ക് 30 മുതല്‍ 35 വരെയാണ് വില. പാലക്കാടന്‍ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതല്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. നാടന്‍ തെങ്ങുകളും കേരളത്തില്‍ ഇപ്പോള്‍ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിന്‍തൈകളാണ് കര്‍ഷകര്‍ വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതും ഉത്പാദനം കുറയാന്‍ കാരണമായി. ജില്ലയില്‍ കുമരകം, വെച്ചൂര്‍, വൈക്കം, തലയാഴം എന്നിവിടങ്ങളിലാണ് നാളികേരം കൂടുതലായി ഉത്പ്പാദിപ്പിച്ചിരുന്നത്. മലയോര മേഖലകളായ പൊന്‍കുന്നം, പാലാ, പാമ്പാടി, അയര്‍ക്കുന്നം, മണര്‍കാട്, കറുകച്ചാല്‍, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലും തേങ്ങ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഉത്പാദനം ഗണ്യമായി കുറഞ്ഞു.

വില്ലനായി രോഗബാധ, പാഴായി അദ്ധ്വാനം

തെങ്ങ് കൃഷിയുടെ ചെലവ് അനുദിനം വര്‍ദ്ധിക്കുന്ന സ്ഥിതിയാണ്. 150, 350 രൂപ വരെയാണ് പുതിയ തെങ്ങിന്‍ തൈകളുടെ വില. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലുമുതല്‍ അഞ്ചുവര്‍ഷം എടുക്കും കായ്ക്കാന്‍. ചെല്ലി, വണ്ട് എന്നിവയുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. തേങ്ങ ഇടാന്‍ ആളെ കിട്ടാനുമില്ല. കിട്ടിയാല്‍ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം. തെങ്ങിന്റെ മുകള്‍ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപയും. നാടന്‍ തെങ്ങുകളില്‍ രോഗബാധയും കൂടുതലാണ്. മുന്‍പ് 40 തെങ്ങില്‍ നിന്ന് 300, 600 തേങ്ങകള്‍ വരെ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് 25 ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്.

വില വര്‍ദ്ധനയുടെ ഗുണം കര്‍ഷകനില്ല

നാളികേരത്തിന് വില വര്‍ദ്ധിച്ചാലും കര്‍ഷകന് ഒരുകിലോയ്ക്ക് ലഭിക്കുന്നത് 25 രൂപയാണ്. ഇടത്തരം വലിപ്പമുള്ള പൊതിച്ച നാളികേരങ്ങള്‍ മൂന്നെണ്ണം ചേരുമ്പോഴാണു പലപ്പോഴും ഒരു കിലോ തികയുക. അതായത്, തേങ്ങ ഒന്നിനു ശരാശരി എട്ടോ ഒന്‍പതോ രൂപ മാത്രമാണു കര്‍ഷകന്റെ വരുമാനം. കടകളില്‍ വില്പനയ്‌ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ്. അവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വിതരണ സംവിധാനത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്.

''മുന്‍കാലങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞു. ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാന്‍ ഇടയാക്കും. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടന്‍ തെങ്ങുകള്‍ക്ക് കായ്ഫലം ഉണ്ടാകാന്‍ കാലത്താമസം എടുക്കും.

കൃഷ്ണന്‍കുട്ടി, കര്‍ഷകന്‍