കൊച്ചി: ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയായി കടലിലെ ഉഷ്ണതരംഗം. ഉഷ്ണതരംഗം മൂലം ദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി സി.എം.എഫ്.ആര്‍.ഐ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിദ്ധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. താപ സമ്മര്‍ദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി.എച്ച്.ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ 4 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകള്‍ നശിക്കുന്നതിനും അതുവഴി വൈവിദ്ധ്യമാര്‍ന്ന സമുദ്രജൈവസമ്പത്തിന്റെ തകര്‍ച്ചക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മര്‍ദ്ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണുള്ളത്.
വിനോദസഞ്ചാരത്തെ ബാധിക്കും
പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിദ്ധ്യങ്ങളുടെ തകര്‍ച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടല്‍പ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷിണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യം കടല്‍ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്പിനെ ഇത് അപകടത്തിലാക്കും.
അമിതമായ താപസമ്മര്‍ദ്ദം വില്ലനാകുന്നു
അമിതമായ താപസമ്മര്‍ദ്ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
....................................
പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ സി.എം.എഫ്.ആര്‍.ഐ നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാന്‍ ഒരു സമഗ്ര ദേശീയ ഗവേഷണ പദ്ധതി സി.എം.എഫ്.ആര്‍.ഐ തുടങ്ങിയിട്ടുണ്ട്. വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠനപരിപാലന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സി.എം.എഫ്.ആര്‍.ഐ അധികൃതര്‍
ഡി.എച്ച്.ഡബ്ല്യൂ 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പറഞ്ഞു.
ഡോ. കെ.ആര്‍. ശ്രീനാഥ്, സീനിയര്‍ സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ
അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങള്‍.
ഡോ. ഷല്‍ട്ടണ്‍ പാദുവ, സീനിയര്‍ സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ