കണ്ണൂർ: വേനൽ ചൂടിൽ ദാഹമകറ്റാൻ ഇളനീർ വിൽപ്പന സജീവം. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ റോഡരികിലെ തണൽ മരത്തിന് സമീപവും മറ്റിടങ്ങളിൽ ചെറിയ തണ്ണീർ പന്തലും ഒരുക്കിയാണ് ഇളനീർ വിൽപ്പന. പതിവായി ഇളനീർ വിൽപ്പന നടത്തുന്ന കച്ചവടക്കാർക്ക് പുറമേ വേനൽകാലമായതോടെ കൂടുതൽ പേരും കേരളത്തിന് പുറത്ത് നിന്നും മറ്റും ഇളനീർ എത്തിച്ച് വിൽപന നടത്തുന്നു.
എന്നാൽ വില പലതരത്തിലാണെന്ന് മാത്രം. സാധാരണ വഴിയരികിൽ 30 മുതൽ 35 രൂപ വരെ ഈടാക്കിയ ഇളനീരിന്റെ വില ഇപ്പോൾ 45 രൂപയായി. കടകളിൽ 50 രൂപ വരെ വാങ്ങിക്കുന്നവരുണ്ട്. വിഷുവിന് ശേഷമാണ് വഴിയരികിലെ ഇളനീർ വിൽപ്പന വർദ്ധിച്ചത്. അതേസമയം ഇളനീർ ജ്യൂസിന് 50 രൂപയാണ് കടകളിൽ ഈടാക്കുന്നത്. വില കൂടൂലാണെങ്കിലും ദാഹമകറ്റാൻ ഏറ്റവും ആളുകൾ ആശ്രയിക്കുന്നത് ഇളനീരിനെ തന്നെയാണ്. വിൽപന വർദ്ധിച്ചതോടെ ഇളനീരിന് ക്ഷാമവും നേരിടുന്നെന്ന് കച്ചവടക്കാർ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലത്ത് കാർഷിക ഗവേഷണ കേന്ദ്രങ്ങളും, കൃഷി വകുപ്പും, സന്നദ്ധ സംഘടനകളും വഴിയോരത്ത് ഒരുക്കിയിരുന്ന ഇളനീർ പന്തൽ ജില്ലയിൽ ഇത്തവണ എവിടെയും കാണാനില്ല.
ദാഹമകറ്റാൻ കരിമ്പും തണ്ണിമത്തനും
ഇളനീരിന് പുറമേ കരിമ്പ് ജ്യൂസ്, തണ്ണിമത്തൽ വിൽപനയും സുലഭമാണ്. ഒരു ഗ്ലാസ് കരിമ്പ് ജ്യൂസിന് 25 മുതൽ 30 രൂപ വരെയാണ് വില. കർണാടകയിലെ മൈസൂർ, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് കരിമ്പെത്തുന്നത്. മൈസൂരിൽ ഇത്തവണ മഴ കുറവായതിനാൽ കരിമ്പ് വരവിൽ കുറവുണ്ടായിട്ടുണ്ടെന്ന് വിൽപനക്കാർ പറയുന്നു. തമിഴ്നാട്ടിലും കർണാടകയിലും നിന്നുവരുന്ന കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് വിപണിയിൽ കൂടുതലും. ബംഗളൂരുവിൽ നിന്നുള്ള മഞ്ഞ നിറത്തിലുള്ള തണ്ണിമത്തനുമുണ്ട്.
തൊട്ടാൽ പൊള്ളും പൈനാപ്പിൾ
വർദ്ധിച്ചു വരുന്ന ചൂടിന് ആശ്വാസമായി പൈനാപ്പിൾ വാങ്ങി കഴിക്കാമെന്ന് കരുതിയാൽ വില അൽപം കൂടും. കടുത്ത വരൾ ച്ചയിൽ ആവശ്യക്കാർ കൂടിയതോടെ സർവകാല റെക്കോഡിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് പൈനാപ്പിൾ വില. 20 മുതൽ 30 വരെ രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് കിലോയ്ക്ക് 100 രൂപയും കടന്ന് മുന്നേറുകയാണ്. വേനലിൽ ഉത്പാദനം കുറഞ്ഞതിനാൽ വില കൂടിയിട്ടും ലാഭമെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്നാണ് പൈനാപ്പിൾ കർഷകർ പറയുന്നത്.