g

തമിഴിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ നായകനായി അഭിനയിക്കാൻ മമ്മൂട്ടി ഒരുങ്ങുന്നു. ഗൗതം മേനോൻ ആദ്യമായാണ് മലയാള സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോൻ സിനിമയെപ്പറ്റി സംസാരിച്ചുവെന്നാണ് വിവരം. ഗൗതം മേനോൻ പറഞ്ഞ കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടത്രേ. ഈ വർഷം തന്നെ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്ന സിനിമ സംഭവിക്കാനാണ് സാദ്ധ്യത. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിൽ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിക്കുന്നുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച് അഭിനയിക്കുന്നത്. അതേ സമയം നിരവധി ചിത്രങ്ങളിൽ ദുൽഖർ സൽമാനും ഗൗതം മേനോനും ഒരുമിച്ചിട്ടുണ്ട്. നാം എന്ന ചിത്രത്തിലൂടെ ഗൗതം മേനോൻ മലയാളത്തിൽ അഭിനേതാവായി എത്തുന്നത്. മനോഹരമായ പ്രണയവും ഇമ്പമാർന്ന പാട്ടുകളുമാണ് ഗൗതം വാസുദേവ മേനോൻ സിനിമകളുടെ പ്രത്യേകത. മലയാള സിനിമകൾ ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമാണെന്ന് ഗൗതം മേനോൻ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോൾ ഉൾപ്പെടെയുള്ള താരങ്ങളുമായി സിനിമ ചെയ്യാൻ ശ്രമം നടന്നിരുന്നു. ഒറ്റപ്പാലംകാരനായ ഗൗതം മേനോൻ ചെന്നൈയിലാണ് പഠിച്ചതും വളർന്നതും. മാധവൻ നായകനായ മിന്നലെ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. കാക്കാ കാക്കാ, വാരണം ആയിരം, വിണ്ണൈതാണ്ടി വരുവായാ, പുത്തം പുതു കാലൈ, വെന്ത് തനന്തതുകാട് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.