ന്യൂഡൽഹി : നഴ്സിംഗ് പഠനം കഴിയുന്നവർക്ക് ഒരു വർഷത്തെ അധിക പരിശീലനം നിർബന്ധമാക്കണമെന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പഠനത്തിനുശേഷം ഒരു വർഷം പരിശീലനം വേണ്ട എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിൽ ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ഇടപെട്ടില്ല. സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് കേരള പ്രൈവറ്ര് ഹോസ്പിറ്റൽസ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്. നഴ്സിംഗ് പഠിച്ചിറങ്ങുന്നവർക്ക് നേരിട്ട് ജോലി നൽകുന്നതിലെ ബുദ്ധിമുട്ടുകളും, പി.എഫ് അടക്കം അടയ്ക്കേണ്ടി വരുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ, നാലു വർഷത്തെ നഴ്സിംഗ് കോഴ്സിൽ തന്നെ ആറുമാസക്കാലം പരിശീലന കാലയളവുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി. അതിനാൽ, പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് പിന്നെയും പരിശീലനത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് ജോലിക്ക് കയറാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
പഠനവും, നിർബന്ധിത പരിശീലനവും പൂർത്തിയാക്കി ജോലിക്കു കയറണമെങ്കിൽ അഞ്ചു വർഷമെടുത്തിരുന്ന സാഹചര്യത്തിന് 2011ലാണ് സംസ്ഥാന സർക്കാർ അറുതിവരുത്തിയത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലവസരം വൈകുന്നുവെന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ പരാതിയാണ് സർക്കാരിനെ ഈ തീരുമാനത്തിലെത്തിച്ചത്.