maldives

മാലെ: രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് മാലദ്വീപ്. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള നയതന്ത്ര സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തുന്നതിൽ വലിയ ഇടിവുണ്ടായിരുന്നു. മാലദ്വീപ് ടൂറിസം വകുപ്പ് മന്ത്രിയാണ് സന്ദർശനങ്ങൾ തുടരണമെന്ന് ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചത്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ടൂറിസം വകുപ്പ് മന്ത്രി ഇബ്രാഹിം ഫൈസൽ. 'നമുക്കൊരു ചരിത്രമുണ്ട്. നമ്മുടെ പുതിയ സർക്കാരിനും ഇന്ത്യയോടൊപ്പം പ്രവർത്തിക്കണമെന്നുണ്ട്. രാജ്യത്തെത്തുന്ന ഇന്ത്യക്കാർക്ക് മാലിയിലെ ജനങ്ങളും സർക്കാരും ഊഷ്‌മളമായ സ്വീകരണം തന്നെ നൽകും. ടൂറിസം മന്ത്രിയെന്ന നിലയിൽ മാലദ്വീപ് ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുകയാണ് ഞാൻ. ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചാണിരിക്കുന്നത്'- മന്ത്രി പറഞ്ഞു.

ജനുവരിയിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് പങ്കുവച്ചതായിരുന്നു സംഘർഷങ്ങളുടെ തുടക്കം.'എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു' എന്നായിരുന്നു ഒരു മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇത് വലിയ വിവാദമായതിനുപിന്നാലെ പോസ്റ്റ് നീക്കിയിരുന്നു. മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മാലിദ്വീപ് യാത്ര റദ്ദാക്കിയിരുന്നു. അവധി ആഘോഷം മാലിദ്വീപില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ പകര്‍പ്പ് സഹിതമാണ് പലരും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.