newborn-baby

കൊച്ചി: കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറായി കൊല്ലം സ്വദേശിയായ യുവാവ്. ഇയാളാണ് കുഞ്ഞിന്റെ പിതാവ്. 23കാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ഇന്നലെ പൊലീസ് ഇരുവരുടെയും വിശദമായ മൊഴിയെടുത്തിരുന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം പൊലീസ് രണ്ട് വീട്ടുകാരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. വിവാഹത്തെ ഇരുകുടുംബങ്ങളും എതിർത്തില്ല. ആശുപത്രിയിൽ തുടരുന്ന യുവതിയെ ഡിസ്‌ചാർജ് ചെയ്‌താലുടൻ വിവാഹം നടത്താൻ തയ്യാറാണെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ കലൂരിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണ് യുവതി പ്രസവിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗ‌ർഭിണിയാണെന്ന വിവരം ഹോസ്റ്റലിൽ ഉളളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി ഒരുപാട് സമയമായിട്ടും തിരിച്ച് മുറിയിലെത്തിയിരുന്നില്ല. ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മറ്റ് സ്ത്രീകൾ വാതിൽ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച കുഞ്ഞിനെയും യുവതിയേയും കണ്ടത്. ഉടൻ തന്നെ ഹോസ്റ്റൽ ജീവനക്കാർ എറണാകുളം നോർത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചത്.