കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലൻസും മംഗളൂരുവിൽ നിന്ന് കാസകോടേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഒപ്പമുണ്ടായിരുന്ന ശിവദാസ്, ആംബുലൻസ് ഡ്രെെവർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിന് പിന്നിൽ ബെെക്ക് ഇടിച്ച് യുവാവ് മരിച്ചു
കഴിഞ്ഞ ദിവസം കഴക്കൂട്ടം എലിവേറ്റഡ് ഹെെവേയിൽ കാറിന് പിന്നിൽ ബെെക്ക് ഇടിച്ച് യുവാവ് മരിച്ചു. പാങ്ങപ്പാറ എ കെ ജി നഗർ എസ് എൻ മൻസിലിൽ സജിയുടെയും പാങ്ങപ്പാറ ഹെൽത്ത് സെന്റർ നഴ്സിംഗ് അസിസ്റ്റന്റ് നൂർജഹാന്റെയും മകൻ മുഹമ്മദ് സാനുവാണ് (28) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ മേൽപ്പാലത്തിൽ കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്. നിയന്ത്രണം വിട്ട ബെെക്ക് കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും വെട്ടുറോഡ് ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാനു സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കഴക്കൂട്ടം പൊലീസ് എത്തിയാണ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.