jojo

പത്തനംതിട്ട: സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ മദ്യപൻ വലിച്ച് താഴെയിട്ടു. തിരുവല്ല നഗരത്തിലാണ് സംഭവം. ആക്രമണത്തിനിരയായ 25കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ തിരുവല്ല സ്വദേശി ജോജോ പിടിയിലായി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബൈക്കിലെത്തിയ ജോജോ ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസുകാർ ഇയാളുടെ വാഹനം പിടിച്ചുവയ്ക്കുകയും ജോജോയോട് അവിടെനിന്ന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി ഓടിയ ഇയാൾ തിരുവല്ല നഗരത്തിലെത്തുകയും റോഡിലൂടെ സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ വലിച്ച് താഴെയിടുകയുമായിരുന്നു. ശേഷം യുവതിയെ ആക്രമിച്ചുവെന്നും വിവരമുണ്ട്.

യുവതിയെ ഇയാൾ തടഞ്ഞുനിർത്തി സ്‌കൂട്ടറിൽ നിന്ന് താക്കോൽ ഊരിയെടുത്തെന്നും ഇത് തിരികെവാങ്ങാൻ ചെന്നപ്പോൾ യുവതിയുടെ കൈപിടിച്ച് തിരിച്ചുവെന്നും തുടർന്ന് യുവതി താഴെ വീഴുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇതിനുശേഷം നാട്ടുകാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ ജോജോയ്ക്കുനേരെ യുവതിയുടെ ബന്ധുക്കളുടെ ആക്രമണമുണ്ടായി. സ്റ്റേഷനിൽ വച്ച് യുവതിയുടെ ബന്ധുക്കൾ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ളവർ ഇയാളെ തല്ലുകയും അസഭ്യം പറയുകയും ചെയ്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു.