clothes

ന്യൂഡൽഹി: വസ്ത്രങ്ങൾ ഇസ്തിരിയിട്ട് വളരെ വൃത്തിയായി ഓഫീസിൽ എത്താനാണ് എല്ലാ ജീവനക്കാരും ശ്രമിക്കുന്നത്. എന്നാൽ തങ്ങളുടെ ഓഫീസിൽ ഇനി തിങ്കളാഴ്ചകളിൽ ആരും ഇസ്തിരിയിട്ട വസ്ത്രം ധരിക്കേണ്ടെന്ന് നിർദേശിച്ചിരിക്കുകയാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR). ഇന്ത്യയിലെ ഗവേഷണ ലാബുകളുടെ ഏറ്റവും വലിയ സിവിലിയൻ ശൃംഖലയാണ് സിഎസ്ഐആർ.

ഇവർ 'WAH Mondays' കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പറയുന്നത് അനുസരിച്ച് എല്ലാ തിങ്കളാഴ്ചയും ഇസ്‌തിരിയിടാത്ത വസ്ത്രം ധരിച്ചുവേണം ജീവനക്കാർ ജോലിക്ക് എത്തേണ്ടത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ഇതിലൂടെ പരിഹാരം കാണാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു. 'ചുളിവുകൾ നല്ലതാണ്' എന്നാണ് അവരുടെ പ്രധാന മുദ്രാവാക്യം.

'തിങ്കളാഴ്ച ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാനാണ് സിഎസ്ഐആറിന്റെ തീരുമാനം. ഓരോ സെറ്റ് വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിന് വൻതോതിൽ കാർബൺ ഡെെ ഓക്സെെഡ് പുറന്തള്ളപ്പെടുന്നു. ഒരു ദിവസം ഇത് നിർത്തിയാൽ വൻതോതിൽ കാർബൺ ഡെെ ഓക്സെെഡ് പുറന്തള്ളുന്നത് തടയാൻ കഴിയും', സിഎസ്ഐആറിന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഡോ എൻ കലൈസെൽവി പറഞ്ഞു.

മേയ് ഒന്ന് മുതൽ 15വരെ നടക്കുന്ന 'സ്വച്ഛത പഖ്വാദ'യുടെ ഭാഗമായിയാണ് 'ചുളുവുകൾ നല്ലതാണ് എന്ന കാമ്പെയ്ൻ ആരംഭിച്ചത്. ഊർജം സംരക്ഷിക്കാനുള്ള ഒരു സംരംഭത്തിന്റെ ഭാഗം കൂടിയാണിത്. അടുത്തിടെ ഡൽഹിയിലെ റാഫി മാർഗിലെ സിഎസ്ഐആർ ആസ്ഥാന മന്ദിരത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാലാവസ്ഥാ ക്ലോക്ക് സ്ഥാപിച്ചിരുന്നു. ഭൂമിയെയും ഗ്രഹങ്ങളെയും രക്ഷിക്കാനുള്ള സിഎസ്ഐആറിന്റെ സംഭാവനയാണ് ഇതെന്ന് കലൈസെൽവി പറഞ്ഞു.