തിരുവനന്തപുരം: ജീവൻ രക്ഷിക്കാൻ ഓടിനടക്കുന്ന മാലാഖമാർ വേദികളിൽ നിറഞ്ഞാടിയപ്പോൾ കാണികൾക്കിടയിൽ നിന്ന് നിറഞ്ഞ കൈയടി. ജോലിത്തിരക്കിനിടയിൽ നഴ്സുമാരും പഠനത്തിരക്കിനിടയിൽ വിദ്യാർത്ഥികളും മാറ്റുരച്ച മേള വ്യത്യസ്തമാർന്ന കലാപ്രകടനത്തിന് വേദിയായി. നഴ്സസ് വാരാഘോഷത്തിന്റെ കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ളിക് ഹെൽത്ത് നഴ്സസ് വെൽഫെയർ ഫണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന കലോത്സവത്തിന് ഇന്നലെ തിരശീല വീണപ്പോൾ വിദ്യാർത്ഥികളുടെ വിഭാഗത്തിൽ നിന്നു സി.എസ്.ഐ കോളേജ് ഒഫ് നഴ്സിംഗ് കാരക്കോണവും ജീവനക്കാരുടെ വിഭാഗത്തിൽ നിന്നു കിംസ് ഹെൽത്തും ജേതാക്കളായി.
ഗവ.നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയം ഉൾപ്പെടെ വിവിധയിടങ്ങളിലായി 29 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
വാരാഘോഷത്തിന്റ ഭാഗമായി ഇന്നുമുതൽ 10 വരെ നടക്കുന്ന കായിക മത്സരങ്ങൾ നഴ്സസ് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.11ന് മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ രാവിലെ 9ന് നടക്കുന്ന വിദ്യാഭ്യസ പരിപാടി നഴ്‌സിംഗ് എഡ്യുക്കേഷൻ ഡയറക്ടർ ഡോ.സലീന ഷാ ഉദ്ഘാടനം ചെയ്യും.ഡോ.പി.എസ്.സോന അദ്ധ്യക്ഷത വഹിക്കും.12ന് വൈകിട്ട് 4ന് പാളയം എ.കെ.ജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ചീഫ് സെക്രട്ടറി വി.വേണു ഉദ്ഘാടനം ചെയ്യും.