indian-shoe-sizing-system

എത്രതന്നെ തിരഞ്ഞാലും ഒരിക്കലും കൃത്യമായ അളവിലേത് കിട്ടില്ലെന്ന് പലരും പരാതി പറയുന്ന ഒന്നാണ് ചെരിപ്പ്. ഷോപ്പിംഗിന് പോയാൽ ചെരിപ്പ് തിരഞ്ഞായിരിക്കും മിക്കവരും സമയം കളയുന്നത്. ഒന്നുകിൽ പാദത്തിന്റെ അളവിലും വലുതായിരിക്കും, അല്ലെങ്കിൽ ചെറുതായിരിക്കും. കൃത്യമായ അളവിൽ വസ്ത്രം കിട്ടിയാൽ പോലും പെർഫക്‌ട് ആയ ചെരിപ്പ് കിട്ടാറില്ല. ഇതിന് കാരണമെന്തായിരിക്കും?

ഇന്ത്യൻ പാദങ്ങൾക്ക് പറ്റിയ പാദരക്ഷാ അളവ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല എന്നതാണ് ഇതിന് കാരണം. നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്നത് യുഎസിന്റെയും, യുകെയുടെയും ഒക്കെ ചെരിപ്പളവ് മാനദണ്ഡങ്ങളാണ്. കാലാകാലങ്ങളായി തുടർന്നുവരുന്ന മിസ്‌മാച്ചിന് പരിഹാരമായി ഇപ്പോൾ ഇന്ത്യൻ കാൽപ്പാദങ്ങളുടെ യോജിക്കുന്ന വിധത്തിൽ ചെരിപ്പളവുകൾ എത്താൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ ഫുട്ട്‌വെയർ സൈസിംഗ് സിസ്റ്റം

ഇന്ത്യൻ പാദങ്ങൾക്കായി ഇന്ത്യൻ ഫുട്ട്‌വെയർ സൈസിംഗ് സിസ്റ്റം വികസിപ്പിക്കുന്നത് വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പും (ഡിപിഐഐടി) കേന്ദ്ര തുകൽ ഗവേഷണ സ്ഥാപനവും (സിഎൽആർഐ) ചേർന്നാണ്. 2012ലാണ് ഇതിനുള്ള കരാർ രൂപീകരിച്ചത്. 2025ഓടെ ഇന്ത്യൻ അളവുകൾ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സംവിധാനം എത്രത്തോളം ഫലപ്രദമാകും എന്നതിനെക്കുറിച്ച് പഠിക്കാൻ ഇന്ത്യയൊട്ടാകെ ഒരു സർവേ നടത്തിയിരുന്നു. ഇതിനുശേഷം അംഗീകാരം ലഭിക്കുന്നതിനായി റിപ്പോർട്ട്, ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബിഐഎസ്) മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരമാണ് ഇന്ത്യൻ ഫുട്ട്‌വെയർ സൈസിംഗ് സിസ്റ്റം വികസിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാലുകളുടെ അളവുകളെക്കുറിച്ചുള്ള കൃത്യമായ വിവരം ശേഖരിക്കുന്നതിന് വിപുലമായ 3ഡി ഡിജിറ്റൽ ഇമേജിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.

ഭാ

ഇന്ത്യൻ ഫുട്ട്‌വെയർ സൈസിംഗ് സംവിധാനത്തിന് ഭാരതത്തിന്റെ 'ഭാ' എന്ന് പേരിടാനാണ് ആലോചന. കൃത്യമായ പാദത്തിന്റെ അളവിനായി പാദത്തിന്റെ നീളവും വീതിയും കണക്കിലെടുത്തായിരിക്കും അളവുകൾ തയ്യാറാക്കുന്നത്. ഒരുവർഷത്തോളം ഉപഭോക്താക്കളുടെ ട്രയലുകളും ന‌ടത്തും.അഞ്ചുമുതൽ 55 വയസുവരെയുള്ള പതിനായിരത്തോളം ആളുകളിലായിരിക്കും ട്രയൽ നടത്തുക. ഇതിന്റെ ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷമായിരിക്കും അളവുകൾ രൂപീകരിക്കുന്നത്.

പരീക്ഷണാർത്ഥം ചെരിപ്പുകളുടെ മോൾഡുനിർമ്മാതാക്കളുമായി ചേർന്ന് പ്രവർത്തിക്കാനും കമ്പനികളുമായി കൈകോർക്കാനും പദ്ധതിയിടുന്നതായി സിഎൽആർഐ ഡയറക്‌ടർ പറഞ്ഞു. ഏകദേശം 10,000 ആളുകൾക്ക് ഉപയോക്തൃ അധിഷ്‌ഠിത ട്രയലുകൾ നടത്തുകയും ഒരു വർഷത്തേക്ക് അവരെ നിരീക്ഷിക്കുകയും ചെയ്യും. 2025ഓടെ ഇന്ത്യൻ പാദരക്ഷാ അളവ് സംവിധാനം പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാ പുറത്തിറക്കുന്ന ഫുട്ട്‌വെയർ സൈസുകൾ

പല പ്രായത്തിലുള്ളവർക്കായി എട്ട് ഫുട്ട്‌വെയർ സൈസുകളാണ് ഭാ പുറത്തിറക്കുന്നത്.

  1. ശിശുക്കൾ (0-1 വയസ്)
  2. കുഞ്ഞ് (1-3 വയസ്)
  3. ചെറിയ കുട്ടികൾ (4-6 വയസ്)
  4. കുട്ടികൾ (7-11 വയസ്)
  5. പെൺകുട്ടികൾ (12-13 വയസ്)
  6. ആൺകുട്ടികൾ (12-14 വയസ്)
  7. സ്ത്രീകൾ (14നും അതിനുമുകളിലും വയസുള്ളവർ)
  8. പുരുഷന്മാർ (15നും അതിനുമുകളിലും വയസുള്ളവർ)

എന്തുകൊണ്ട് ഭാ?

കൃത്യമായ അളവിലല്ലാത്ത പാദരക്ഷകൾ പതിവായി ഉപയോഗിക്കുന്നത് എല്ലിന് പ്രശ്‌നമുണ്ടാക്കുന്നത് ഉൾപ്പെടെ പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കാലക്രമേണ, ഇത് കാലുകളുടെ ആകൃതി മാറുന്നതിനും തെറ്റായ നടത്തത്തിനും ചലനശേഷിയെ ബാധിക്കുന്നതിനും ഇടയാക്കുമെന്ന് ടെക്‌നോ ഇന്ത്യ ദാമ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടായ ഡോ. എം എസ് പുർകൈത് പറയുന്നു.

വളരെ ഇറുകിയ ചെരിപ്പ് പതിവായി ഉപയോഗിക്കുന്നത് ബുണിയൻസ്, ഹാമർടോസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവും. വലിയ അളവിലെ ചെരിപ്പ് ധരിക്കുന്നത് കാലിൽ മുറിവുണ്ടാവുന്നതിനും പാദത്തിന്റെ സാധാരണ രൂപത്തിൽ മാറ്റം വരുത്തുന്നതിനും ഇടയാക്കും. പാകമാകാത്ത ചെരിപ്പ് ദീർഘകാലം ധരിക്കുന്നത് കണങ്കാലുകൾ, കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവയുടെ ആകൃതിയിൽ വ്യത്യാസം വരുത്തുകയും ചെയ്യുമെന്ന് ഡോ.പുർകൈത് വ്യക്തമാക്കുന്നു.

ചെരിപ്പ് നിർമാതാക്കൾക്ക് പറയാനുള്ളത്

ഇന്ത്യക്കാരുടെയും യൂറോപ്യൻകാരുടെയും കാൽപാദങ്ങളുടെ രൂപഘടന വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടാണ് പലർക്കും കൃത്യമായ അളവിലുള്ള ചെരിപ്പുകൾ തിരഞ്ഞെടുക്കാനാവാത്തത്. ഓൺലൈനായി ചെരിപ്പ് വാങ്ങുമ്പോഴും ഇന്ത്യക്കാർ വിദേശത്തുനിന്ന് ചെരിപ്പ് വാങ്ങുമ്പോഴുമാണ് ഈ പ്രശ്‌നങ്ങൾ പ്രധാനമായും നേരിടേണ്ടി വരുന്നത്. അതിനാൽ തന്നെ ഇന്ത്യക്കാരുടെ പാദങ്ങൾക്ക് അനുസൃതമായി അളവ് വരുന്നത് വളരെ നല്ല മാറ്റമാണെന്ന് ചെരിപ്പ് നിർമാതാക്കൾ പറയുന്നു.