കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോക്ടർ പ്രീതിക്കെതിരായ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തരമേഖല ഐജി കെ സേതുരാമൻ നാർക്കോട്ടിക് സെൽ എസി പി ടി.പി ജേക്കബിനോട് സംഭവം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഈ വരുന്ന ഒമ്പതിന് മൊഴിയെടുപ്പ് നടത്തുമെന്നാണ് വിവരം.
പീഡനക്കേസിൽ ഡോക്ടർ കെ വി പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. സംഭവത്തിൽ ഡോക്ടർ പ്രീതി രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാത്തതിനെ തുടർന്ന് അതിജീവിത സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജി കമ്മിഷണർക്ക് നിർദേശം നൽകി. ഡോക്ടർക്കെതിരായ പരാതിയിൽ എസിപി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് നിർദേശം. തുടർന്ന് അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു.