kohl

കാഴ്‌ചയിൽ ആകർഷണമുള്ളവരായിരിക്കുക എന്നത് ഏത് മനുഷ്യനും ആഗ്രഹിക്കുന്ന ഒന്നാണ്. പ്രകൃതിദത്തമായവയും കെമിക്കൽ ചേരുവകളുള്ളതുമായ സൗന്ദര്യ വർദ്ധക വസ്‌തുക്കൾ ഇതിനൊക്കെയായി ഇന്നും നാം ഉപയോഗിക്കാറുണ്ട്. പണ്ടുകാലം മുതലേയുള്ള നമ്മുടെ നാട്ടറിവുപയോഗിച്ച് നാച്ചുറലായ വസ്‌തുക്കൾ കൊണ്ട് സൗന്ദര്യം വർദ്ധക വസ്‌തുക്കൾ തയ്യാറാക്കിയിരുന്നു.ഇതോടൊപ്പം ഇന്ന് കേട്ടാൽ ഞെട്ടുന്നത്ര അപകടകരമായ പാർശ്വഫലങ്ങൾ നൽകുന്ന വസ്‌തുക്കളും ഇതിനായി മുൻപ് ഉപയോഗിച്ചിരുന്നു. ഇവയുടെ അപകടം മനസിലാക്കി പലതും ഇന്ന് ഉപയോഗിക്കാറില്ല. പണ്ടുകാലത്ത് ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌ത മനുഷ്യന് അപകടമുണ്ടാക്കുന്ന ചില വസ്‌തുക്കളെ ഇവിടെ നമുക്ക് പരിചയപ്പെടാം.

ഈജിപ്‌റ്റുകാർ കണ്ണെഴുതാനുപയോഗിച്ചിരുന്ന ലെഡ്

ലെഡ് അഥവാ കറുത്തീയം അണുസംഖ്യ 82ഉള്ള ഒരു മൂലകമാണ്. ഈജിപ്‌ഷ്യൻ സംസ്‌കാരത്തിന്റെ പ്രതീകമായ ചിത്രങ്ങളിൽ രാജാക്കന്മാരും പ്രജകളുമടക്കം കട്ടിയായി കണ്ണെഴുതിയിരുന്നത് ഇതേ കറുത്തീയം കൊണ്ടാണെന്ന് പറഞ്ഞാൽ ആരും ഒന്നമ്പരക്കും. അതെ കോൾ എന്നറിയപ്പെടുന്ന ഒരു നീളൻ കോലിൽ ഗലേന എന്ന കറുത്ത പൊടി ഉപയോഗിച്ചിട്ടുണ്ട്. ഇത് ലെഡ് സൾഫൈറ്റിൽ നിന്നുമുണ്ടാകുന്നതാണ്.

സാധാരണ മൃദുവായതും നീല കലർന്ന വെള്ള നിറമുള്ളതുമായ വസ്‌തുവാണ് ലെഡ്. വായുവുമായി ചേരുമ്പോൾ ഇതിന് ചാരനിറമാകും.ഈ ലെഡാണ് കണ്ണെഴുതാൻ ഈജിപ്‌റ്റിലെ ഫറവോമാരടക്കം ഉപയോഗിച്ചത്. ഇപ്പോൾ കെട്ടിട നിർമ്മാണത്തിനും ബാറ്ററി ഉണ്ടാക്കാനുമെല്ലാം ലെഡ് ഉപയോഗിക്കുന്നുണ്ട്. ബിസി 3500ലടക്കം ഇത്തരത്തിൽ കോൾ സൗന്ദര്യവസ്‌തുവായി ഈജിപ്‌റ്റിൽ ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടുണ്ട്.

queen

എലിസബത്ത് രാജ്ഞിയുടെ മേക്കപ്പ്

എഡി 1558 മുതൽ 1603 വരെ ബ്രിട്ടീഷ് രാജ്‌ഞിയായിരുന്ന എലിസബത്തിന് നല്ല നിറം നൽകാൻ മേക്കപ്പിൽ ഉപയോഗിച്ചത് കറുത്തീയം അടങ്ങിയ വസ്‌തുവാണ്. വെനീഷ്യൻ സെറൂസ് എന്ന വൈറ്റ് ലെഡ് അടങ്ങിയ മേക്കപ്പായിരുന്നു രാജ്ഞി ഉപയോഗിച്ചത്.അന്ന് രാജ്ഞി ഉപയോഗിച്ച പല മേക്കപ്പ് സാധനങ്ങളിലും ലെഡ് വലിയ അളവിലുണ്ടായിരുന്നു. ഇത് അവരുടെ മരണത്തിനും കാരണമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1631 മുതൽ കറുത്തീയം ബ്രിട്ടണിൽ വിഷമായാണ് കണക്കാക്കിയത്.പിന്നീട് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുത്തും ടാൽക്കും വെളുപ്പ് നിറത്തിനായി ഇവർ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് ഇന്നത്തെ രീതിയിലേക്ക് മാറിയത്.

leg

രോമങ്ങൾ നീക്കാൻ ക്വിക്ക്‌ലൈം

പൊട്ടാസ്യം നൈട്രേറ്റ്, താലിയം അടങ്ങിയ ഓർപ്പിമെന്റ് എന്നിവയ്‌ക്കൊപ്പം ക്വിക്ക്‌ലൈം ചേർത്ത ഒരു മിശ്രിതം ശരീരത്തിലെ മുടി കളയാൻ ഉപയോഗിച്ചിരുന്നു.കാൽഷ്യം ഓക്‌സൈഡ് അടങ്ങിയ ക്വിക്ക്‌ലൈം ത്വക്കിനും കണ്ണിനും ശ്വാസമെടുക്കാനും പ്രശ്‌നം സൃഷ്‌ടിക്കുന്ന ദോഷകരമായ വസ്‌തുവാണ്.

nail

നഖത്തിൽ ഉപയോഗിക്കാൻ ആഴ്‌സനിക്ക്

നഖങ്ങളിൽ ഉപയോഗിക്കാനും കേടായ പല്ലിൽ സിമന്റായും ഉപയോഗിച്ചിരുന്നത് ആഴ്‌സനിക്ക് ആണ്. ആഴ്‌സനിക്ക് ഉപയോഗിച്ച് നിർമ്മിച്ച സോപ്പും അന്നുണ്ടായിരുന്നു. ഇവ സുരക്ഷിതമാണ് എന്നും അന്ന് വിശ്വസിച്ചിരുന്നു.

ത്വക്ക്‌രോഗങ്ങൾക്ക് മെർക്കുറി

19-ാം നൂറ്റാണ്ടിൽ ത്വക്ക്‌രോഗങ്ങൾക്ക് പലയിടങ്ങളിലും മെർക്കുറി അഥവാ രസം ഉപയോഗിച്ചിരുന്നു. ചുണ്ടുകളിലെ പാടിന്, കൺപീലികളിലെ പ്രശ്‌നങ്ങൾക്ക് എല്ലാം ഇത്തരത്തിൽ മെർക്കുറി ഉപയോഗിച്ചു. സിന്നബർ നഖത്തിന് നിറം നൽകാൻ ഉപയോഗിച്ചതായി പരസ്യങ്ങൾ കാണാം.

പ്രകൃതി ദത്തമായ മാർഗ്ഗങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും ഇന്നും കടുത്ത തോതിലുള്ള കെമിക്കലുകൾ പല വസ്‌തുക്കളിലും ഉപയോഗിക്കുന്നുണ്ട്. മുഖത്ത് പുരട്ടുന്ന ക്രീം കാരണം വൃക്ക രോഗങ്ങളും പലതരം ക്യാൻസറുകളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള സാധനങ്ങളിലും അപകടകരമായ വസ്‌തുക്കളുണ്ടെന്ന് തെളിഞ്ഞതാണ്. സൗന്ദര്യ വർദ്ധക വസ്‌തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക എന്നത് മാത്രമാണ് പ്രശ്‌നങ്ങളെ അകറ്റാനുള്ള വഴി.