അമരാവതി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച വൈ.എസ്.ആർ.സി.പി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിക്കും പ്രതിപക്ഷ നേതാവ് എൻ.ചന്ദ്രബാബു നായിഡുവിനും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശനം. പൊതുപരിപാടികളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
പ്രചാരണത്തിനിടെ ഇരുവരും പരസ്പരം അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തി. ടി.ഡി.പി നേതാവ് നായിഡുവിനും സമാന നിർദ്ദേശം കമ്മിഷൻ നൽകി. നേതാക്കൾ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഭാവിയിലും ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും നിർദ്ദേശിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കർഷകർക്കുള്ള സഹായ പദ്ധതിയായ 'റൈത്തു ഭരോസ" ഉപയോഗിച്ച് വാഗ്ദാനങ്ങൾ നൽകിയെന്നാണ് കണ്ടെത്തൽ. പൊതുസമ്മേളനങ്ങളിൽ ഇത്തരം പരാമർശം നടത്തിയതായും കണ്ടെത്തി.