തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടിപ്പർ ലോറി അപകടത്തിൽ മരണം. ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്.
സ്‌കൂട്ടറിന് പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു റുക്‌സാന. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പർ ഇടിക്കുകയായിരുന്നു. ടിപ്പർ വശംചേർന്ന് ഒതുക്കിയപ്പോൾ പിന്നിലിരുന്ന റുക്‌സാന വീഴുകയും ടയറിനടിയിൽപ്പെടുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പറിന്റെ പിൻ ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല.
കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം പനവിളയില്‍ ടിപ്പര്‍ ഇടിച്ച് മലയിന്‍കീഴ് സ്വദേശി സുധീര്‍ മരണപ്പെട്ടിരുന്നു. തമ്പാനൂരില്‍ നിന്ന് വരികയായിരുന്ന ടിപ്പര്‍ സുധീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സുധീറിനെ അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ട്രാഫിക് സിഗ്നല്‍ കടന്ന് അമിത വേഗത്തിലാണ് ടിപ്പര്‍ മുന്നോട്ട് കുതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. പനവിള ജംഗ്ഷനില്‍ വൈകുന്നേരമാണ് അപകടം നടന്നത്. സിഗ്‌നല്‍ കടന്നു പോകവേ സ്‌കൂട്ടറിനെ മറികടന്നു പോയ ടിപ്പറിന്റെ പുറകുവശം തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു വീഴുകയും ടിപ്പറിന്റെ പിന്‍ചക്രം സുധീറിന്റെ ദേഹത്തു കൂടെ കറങ്ങി ഇറങ്ങുകയുമായിരുന്നു.
വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടങ്ങൾ വാർത്തയാവുന്നത്. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കല്ല് തെറിച്ച് വീണ് കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.