lock

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവർ വിവരം പൊലീസിനെ അറിയിച്ചാൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഏപ്രിൽ ഒന്നുമുതൽ മേയ് ആറുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 1231 പേരാണെന്നാണ് വിവരം. 'പോൽ' എന്ന പൊലീസിന്‍റെ മൊബൈൽ ആപ്പ് വഴി വീടുപൂട്ടി യാത്ര പോകുന്നകാര്യം അറിയിക്കാം. തുടർന്ന് വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കും.

പൊലീസിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ഇങ്ങനെ വിവരം നൽകണം. ഏഴു ദിവസം മുൻപുവരെ വിവരം പൊലീസിനെ അറിയിക്കാവുന്നതാണ്. യാത്രപോകുന്ന ദിവസങ്ങൾ, വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റെയോ അയൽവാസിയുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പില്‍ നൽകേണ്ടതുണ്ട്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.

സാധാരണക്കാർക്ക് വളരെയെളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാൻ പൊലീസിന് കഴിയും. കേരളാ പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പർ, ഇ മെയില്‍ വിലാസവും ആപ്പിൽ ലഭ്യമാണ്.