railway
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനോട് അനുബന്ധമായി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉടന്‍. 1200 കോടി മുടക്കി നിര്‍മിക്കുന്ന പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മേയ് മാസത്തില്‍ തന്നെ ലഭിക്കുമെന്ന് സൂചന. പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കിയതായി വിഴിഞ്ഞം സീപോര്‍ട്ട് അധികൃതര്‍ പറയുന്നു. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തുറമുഖ നഗരമായ വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്റര്‍ നീളമുള്ള പാത തുരങ്കത്തിലൂടെയാവും നിര്‍മിക്കുക. തുരങ്കമായതിനാലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ആവശ്യമായി വന്നിരിക്കുന്നത്. മൊത്തം പാതയുടെ ഒമ്പത് കിലോമീറ്ററോളം ഭൂമിക്ക് അടിയിലൂടെയാകും കടന്ന് പോകുക.

കരിമ്പള്ളിക്കര ഭാഗത്തു വന്നിറങ്ങുന്ന പാത ജനജീവിതത്തെ ബാധിക്കാത്തവിധം തൂണുകള്‍ക്കു മുകളിലൂടെയാണ് തുറമുഖത്തേക്ക് നീളുന്നത്. ഇതിനായി അര ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. വിഴിഞ്ഞത്തു നിന്നു തുടങ്ങി മുടവൂര്‍പ്പാറയില്‍ എത്തി നേമത്തേക്കും നെയ്യാറ്റിന്‍കരയിലേക്കും തിരിയുന്ന രീതിയിലാണ് ഭൂഗര്‍ഭ റെയില്‍ പാതയുടെ രൂപരേഖ. പാത വരുന്നതിനോടനുബന്ധിച്ച് ബാലരാമപുരത്ത് 5 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന് നിര്‍മാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.