ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ദിവസത്തിൽ ഹരിയാനയിൽ ബി.ജെ.പിക്ക് വൻതിരിച്ചടി. മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിലായി. ഇതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന്റെ അംഗസഖ്യ 42 ആയി കുറഞ്ഞു. ജെ.ജെ.പി വിമതരുടെ പിന്തുണയോടെയാണ് സർക്കാർ അധികാരത്തിൽ തുടരുന്നത്.
പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 34 ആയി. സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷവും നഷ്ടമായി. എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനായില്ലെങ്കിൽ സർക്കാരിന് ഭരണം നഷ്ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ തരംഗം വ്യക്തമായെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. സ്വതന്ത്രരുടെ പിന്തുണ നഷ്ടമായതോടെ സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സ്വതന്ത്ര എം.എൽ.എമാരെ കോൺഗ്രസ് സ്വാഗതം ചെയ്തു.ബി.ജെ.പി സർക്കാരിനെ ഹരിയാനയിലെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.