1

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അവകാശപ്പെട്ടു ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിന്റെ പല പ്രമുഖരുടെയും കാലിടറും. തിരുവനനന്തപുരത്ത് കോൺഗ്രസിന്റെ ശശി തരൂർ തോറ്റു തുന്നംപാടുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് വിജയിക്കാൻ പോകുന്നതെന്നും കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിൽ ഇത്തവണ മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബൂത്തുതലം മുതൽ ലഭിച്ച റിപ്പോർട്ടുകൾ പ്രതീക്ഷ വച്ച സീറ്റുകളിൽ വിജയിക്കാമെന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം കോർകമ്മിറ്റി യോഗം കൃഷ്ണദാസ് പക്ഷം ബഹിഷ്കരിച്ചു എന്ന വാർത്തകൾ സുരേന്ദ്രൻ നിഷേധിച്ചു. അങ്ങനെ ആരും യോഗം ബഹിഷ്കരിച്ചിട്ടില്ലെന്നും ബഹിഷ്‌കരിച്ചുവെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും ഇക്കാര്യത്തിൽ വിശദീകരണം നൽകി. വരാതിരുന്നവർ അദ്ധ്യക്ഷനിൽ നിന്ന് അനുമതി തേടിയിരുന്നതായും ജാവദേക്കർ പറഞ്ഞു. മാസങ്ങൾക്ക് മുമ്പും ഇക്കാര്യം തന്നെയാണ് പറഞ്ഞതെന്നും അതേനിലപാട് തന്നെയാണ് ഇപ്പോഴെന്നും ജാവദേക്കർ വ്യക്തമാക്കി. അതേസമയം ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് ജാവദേക്കർ പ്രതികരിച്ചില്ല.