tourism

തിരുവനന്തപുരം: കൊവിഡ് മഹാമാരിയും തുടര്‍ന്ന് ലോക്ഡൗണും യാത്രാവിലക്കുമായി രണ്ട് വര്‍ഷത്തോളം നഷ്ടമായെങ്കിലും കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മുകളിലേക്ക് തന്നെ. 2016 മുതലുള്ള കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അരക്കോടിയിലധികം വിദേശികള്‍ കേരളം സന്ദര്‍ശിച്ചുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ടൂറിസം മേഖലയില്‍ വന്‍ കുതിപ്പിനുള്ള സാദ്ധ്യത കേരളത്തില്‍ ഇനിയുമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

2016 മുതലുള്ള ഏഴുവര്‍ഷത്തിനിടെ 53.50 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2016 മേയ് മുതല്‍ 2021 മേയ് വരെയുള്ള കാലഘട്ടത്തില്‍ 133 രാജ്യങ്ങളില്‍നിന്നായി 43.10 ലക്ഷം പേര്‍ എത്തിയെന്ന് ടൂറിസം ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നു. 2021 മേയ് മുതല്‍ 2023 മേയ് വരെ 10.39 ലക്ഷം വിദേശസഞ്ചാരികളും എത്തി. 183 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇക്കാലയളവില്‍ വന്നിട്ടുണ്ട്. 2022ലും 2023ലും അമേരിക്കയില്‍നിന്നാണ് ഏറ്റവുമധികം പേര്‍ വന്നത് -2023ല്‍ 82,206 പേരും 2022ല്‍ 44,851 പേരും. 2021ല്‍ റഷ്യയില്‍നിന്നാണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ വന്നത് -12,564 പേര്‍.

കൊവിഡ് ലോക്ഡൗണും ആഗോളതലത്തിലുള്ള യാത്രാവിലക്കുകളും കാരണം നഷ്ടമായ കാലം കൂടി ചേര്‍ത്താല്‍ കേരളത്തിലെത്തിയ വിദേശികളുടെ എണ്ണം ഇതിലും കൂടുതലാകുമായിരുന്നു. കേരളത്തോടുള്ള വിദേശികളുടെ പ്രിയം കൃത്യമായി ഉപയോഗിക്കാന്‍ അടിസ്ഥാന സൗകര്യ മേഖലയിലുള്‍പ്പെടെ കേരളം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അടുത്തിടെ വര്‍ക്കലയിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ആഗോള ടൂറിസം മേഖലയില്‍ ഇതിലും മെച്ചപ്പെട്ട സ്ഥാനം കേരളത്തിന് നേടിയെടുക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.