യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ
ആദ്യ പാദ സെമിഫൈനലിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു
റയൽ മാഡ്രിഡ് Vs ബയേൺ മ്യൂണിക്ക്
രാത്രി 12.30 മുതൽ
സോണി ടെൻ ചാനൽ ശൃംഖലയിൽ ലൈവ്
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിൽ പങ്കാളികയാകാൻ യൂറോപ്പിലെ മുൻനിര ക്ളബുകളായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാം പാദ സെമിഫൈനലിനിറങ്ങുന്നു. കഴിഞ്ഞവാരം നടന്ന ആദ്യ പാദ സെമിയിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ബയേണിന്റെ തട്ടകത്തിൽ രണ്ട് എവേ ഗോളുകൾ നേടാനായതിന്റെ ആനുകൂല്യത്തിലാണ് റയൽ മാഡ്രിഡ് ഇന്ന് ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിലിറങ്ങുന്നത്. ഇന്ന് ഗോളടിക്കാതെയോ ഓരോ ഗോൾ വീതമടിച്ചോ സമനിലയിലാൽ എവേ ഗോൾ മികവിൽ റയലിന് ഫൈനലിലെത്താം.
36-ാം വട്ടം സ്പാനിഷ് ലാ ലിഗയിൽ കിരീടമുയർത്തിയതിന്റെ ആവേശത്തിലാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ 11 സീസണുകളിൽ തുടർച്ചയായി സ്വന്തമാക്കിയിരുന്ന ജർമ്മൻ ബുണ്ടസ് ലിഗ കിരീടം ബയേർ ലെവർസൂസന് അടിയറവ് വച്ചാണ് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിന് എത്തുന്നത്. സെമിയുടെ ആദ്യ പാദത്തിൽ റയലിനോട് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ബയേൺ സ്റ്റുട്ട്ഗർട്ടിനോട് ബുണ്ടസ് ലിഗയിൽ സ്റ്റുട്ട്ഗർട്ടിനോട് 1-3ന് തോറ്റിരുന്നു.
റയലിന്റെ
തിണ്ണമിടുക്ക്
1.ഇന്ന് സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് കളി നടക്കുന്നത് എന്നതാണ് റയലിന്റെ ഏറ്റവും വലിയ ആനുകൂല്യം. ഈ സീസണിൽ ലാ ലിഗയിൽ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് റയൽ തോറ്റത്.
2. യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് കാർലോ ആഞ്ചലോട്ടി റയൽ ടീമിനെ വാർത്തെടുത്തിരിക്കുന്നത്. കഴിഞ്ഞ സീസണിന് ശേഷം ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് സ്വന്തമാക്കിയ ഇംഗ്ളീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമാണ് ആഞ്ചലോട്ടിയുടെ യുവശിഷ്യന്മാരിൽ കേമൻ.മിഡ്ഫീൽഡിൽ കളി മെനയാനും ബോക്സിലേക്ക് പന്തുമായി ഇരച്ചുകയറാനും ഫിനിഷ് ചെയ്യാനും മിടുക്കനായ 20കാരൻ ഈ സീസണിൽ ഇതുവരെ 18 ഗോളുകൾ നേടിക്കഴിഞ്ഞു.
3.കരിം ബെൻസേമ സൗദിയിലേക്ക് പോയതിന് ശേഷം റയലിൽ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് ബ്രസീലുകാരനായ വിനീഷ്യസ് ജൂനിയറാണ്.വിംഗുകളിലൂടെ പന്തെത്തിക്കുകയും നിർണായക ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്ത് വിനി ടീമിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നു.13 ഗോളുകളാണ് വിനീഷ്യസ് ഈ സീസൺ ലാ ലിഗയിൽ നേടിയത്.
4.കഴിഞ്ഞ സീസണിൽ 19 ഗോളുകളും 10 അസിസ്റ്റുകളുമായി കളം നിറഞ്ഞിരുന്ന റോഡ്രിഗോ ഈ സീസണിന്റെ തുടക്കത്തിൽ ഫോമൗട്ടായിരുന്നു. ആദ്യ 11 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് നേടാനായത്. എന്നാൽ പിന്നീട് റോഡ്രിഗോ മിന്നിയില്ലെങ്കിൽ ടീം തിളങ്ങുകയില്ല എന്ന സ്ഥിതിയിലേക്ക് ഉയർന്നു. 10 ഗോളുകളാണ് സീസണിൽ ഇതുവരെ നേടിയത്.
5. ഇവർക്കൊപ്പം സീനിയർ താരങ്ങളായ ലൂക്കാ മൊഡ്രിച്ച് , ടോണി ക്രൂസ്,കർവഹായൽ തുടങ്ങിയവരുടെ പരിചയസമ്പത്തും കൂട്ടിയിണക്കിയാണ് ആഞ്ചലോട്ടി ഇത്തവണ റയലിനെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ചത്.
ഭയക്കാതെ
ബയേൺ
1.ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ കിരീടത്തിൽ മുത്തമിട്ടവരാണ് എതിരാളികളെങ്കിലും ഭയമില്ലാതെയാണ് ബയേൺ മ്യൂണിക്ക് എതിരാളികളുടെ തട്ടകത്തിലേക്ക് എത്തുന്നത്. സീസണിൽ അതിഗംഭീരമെന്ന് പറയാനാവില്ലെങ്കിലും മോശമല്ലാത്ത പ്രകടനമാണ് ബയേൺ കാഴ്ചവച്ചിരിക്കുന്നത്.
2. ബയേൺ കോച്ച് തോമസ് ടുഹേൽ 4-3-2-1 ശൈലിയിലാണ് ടീമിനെ ഒരുക്കുന്നത്. ഇംഗ്ളീഷ് സ്ട്രൈക്കർ ഹാരി കേൻ ആയിരിക്കും സെൻട്രൽ സ്ട്രൈക്കർ. വിംഗുകളിൽ മുസൈലയും ലെറോയ് സാനെയും അണിനിരക്കും.തോമസ് മുള്ളറാണ് മറ്റൊരു സ്ട്രൈക്കർ.
3.ജോഷ്വ കിമ്മിഷ്, കിം മിൻജേയ്,എറിക് ഡയർ ,മസറോയ് എന്നിവരടങ്ങുന്ന പ്രതിരോധമാണ് ബയേണിന്റെ കരുത്ത്. ഡിഫൻസീവ് മിഡ്ഫീൽഡർമാരായി ലെയ്മറും ഗോരെസ്കയുമുണ്ടാകും.
4, സെമിയുടെ ആദ്യ പാദത്തിൽ റയലിനോട് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ബയേൺ സ്റ്റുട്ട്ഗർട്ടിനോട് ബുണ്ടസ് ലിഗയിൽ സ്റ്റുട്ട്ഗർട്ടിനോട് 1-3ന് തോറ്റിരുന്നു. ആദ്യ പാദത്തിൽ 2-1ന് മുന്നിട്ടുനിന്ന ശേഷമാണ് സമനില വഴങ്ങിയത്.
ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിലെ ആറിൽ അഞ്ചുമത്സരങ്ങളിലും ജയിച്ച ടീമാണ് ബയേൺ. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് ലാസിയോയേയും ക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് ആഴ്സനലിനെയുമാണ് മറികടന്നത്.
നേർക്ക് നേർ
27 മത്സരങ്ങളിലാണ് റയലും ബയേണും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയത്.
12
മത്സരങ്ങളിൽ റയൽ ജയം
4
മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
11
കളികൾ വിജയിക്കാൻ ബയേണിന് കഴിഞ്ഞു.