cbi

തിരുവനന്തപുരം: റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരെയാണ് സിബിഐ ഡല്‍ഹി യൂണിറ്റ് പിടികൂടിയത്. റഷ്യന്‍ യുദ്ധമുഖത്തേക്ക് ആളുകളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. അലക്‌സിന്റെ ബന്ധുവാണ് തുമ്പ സ്വദേശിയായ പ്രിയന്‍.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികള്‍ എത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളെ റഷ്യയിലേക്ക് അയക്കുന്നതിനു മുമ്പ് ആറ് ലക്ഷത്തോളം രൂപ പ്രിയന്‍ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയതും പ്രിയനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന്‍ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ കൊണ്ടുപോയത്. വാട്‌സാപ്പ് വഴിയാണ് ഇവര്‍ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടതും ഏജന്‍സിയുമായി ബന്ധപ്പെട്ടതും.

എന്നാല്‍ ഏജന്റ് മുഖേന ഡല്‍ഹിയിലും പിന്നീട് റഷ്യയിലും എത്തിയ ഇവരെ പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇരുവര്‍ക്കും റഷ്യന്‍-യുക്രെയിന്‍ യുദ്ധത്തില്‍ പരിക്കേറ്റിരുന്നു.