electricity

ഉഷ്‌ണതരംഗവും കടുത്ത വേനലും പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ നമ്മളെ ഫാനും കൂളറും എസിയുമെല്ലാം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പീക്ക് സമയത്ത് കൂടുതൽ യൂണിറ്റ് അപഹരിക്കുന്ന വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഫോൺകോളിൽ ശബ്ദസന്ദേശമായടക്കം ഇവ വരാറുണ്ട്. എന്നാൽ ചൂട് പരിഹരിക്കാൻ നാമുപയോഗിക്കുന്ന ഫാനും എസിയുമൊന്നുമല്ല കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. പകരം മറ്റ് രണ്ട് ഉപകരണങ്ങളാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങൾ ഇവയാണ്.

വാട്ടർ ഹിറ്റർ

ഒരു വീട്ടിൽ 31 ശതമാനം വൈദ്യുതി ഉപഭോഗവും ഉണ്ടാകുന്നത് നാം ചൂടുവെള്ളത്തിനായി വച്ചിട്ടുള്ള വാട്ടർ ഹീറ്റർ വഴിയാണ്. വൈകിട്ട് ആറ് മണിമുതൽ 11 മണി വരെയുള്ള പീക്ക് സമയത്ത് ഇവ ഉപയോഗിക്കാനേ പാടില്ല. ഒരു യൂണിറ്റ് കറന്റാകാൻ വാട്ടർ ഹീറ്റർ അര മണിക്കൂർ ഉപയോഗിച്ചാൽ മതി. ഇതിനൊപ്പം കാലപ്പഴക്കം കൊണ്ട് പലയിടങ്ങളിലും ഊർജ്ജനഷ്‌ടവും ഉണ്ടാകാറുണ്ട്.

ഇൻഡക്ഷൻ കുക്കർ

രണ്ടായിരം വാട്ടിന്റെ ഒരു ഇൻഡക്ഷൻ കുക്കർ ഒരു യൂണിറ്റ് കറന്റ് എടുക്കുന്നത് അരമണിക്കൂർ‌ മാത്രം സമയം കൊണ്ടാണ്. വാട്ടർഹീറ്ററിനൊപ്പം ഏറ്റവുമധികം കറന്റ് ചിലവുണ്ടാക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. പല വീടുകളിലും വെള്ളം തളപ്പിക്കാനും അരി തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഇൻഡക്ഷൻ കുക്കർ പീക്ക് സമയത്ത് ഉപയോഗിക്കുന്നത് നന്നല്ല.

എയർ കണ്ടീഷണർ, കൂളർ

വീടുകളിൽ ഏറ്റവും ഉപയോഗിക്കുന്ന മറ്റൊരു ഇലക്‌ട്രിക് ഉപകരണമാണ് എസി. കൂളറും അതുപോലെതന്നെ. 1500 വോട്ടുള്ള എ.സി 40 മിനുട്ടുകൊണ്ട് ഒരു യൂണിറ്റ് കറന്റെടുക്കും. കൂളറും എസിയും ചേർന്ന് വീട്ടിലെ 10 ശതമാനത്തോളം വൈദ്യുതി അപഹരിക്കുന്നു.


ഫ്രിഡ്‌ജ്

ആഹാരം തണുപ്പിക്കാനും ഈ ചൂടുകാലത്ത് അൽപം തണുത്ത വെള്ളം കുടിക്കാനും നാം ഉപയോഗിക്കുന്ന ഫ്രിഡ്‌ജ് വൈദ്യുതി ഉപഭോഗത്തിൽ ഒട്ടും പിന്നിലല്ല. 165ലിറ്റർ‌ ഫ്രിഡ്‌ജ് വീട്ടിലെ നാല് ശതമാനം വൈദ്യുതി ഉപയോഗിക്കും. സ്‌മാർട് റഫ്രിജറേറ്ററുകൾ വൈദ്യുതി ലാഭമുണ്ടാക്കുമെങ്കിലും ഇവയും വൈദ്യുതി ഉപഭോഗത്തിൽ പിന്നിലല്ല.

ഓവൻ

ബേക്ക് ചെയ്യാനും ഹീറ്റാക്കാനും ഉപയോഗിക്കുന്ന ഓവനുകൾ നല്ലരീതിയിൽ വൈദ്യുതി അപഹരിക്കാറുണ്ട്. ആയിരം വാട്ടുള്ള ഓവൻ ഒറ്റമണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഒരു യൂണിറ്റ് വൈദ്യുതി ചിലവാകും.

പ്രധാനമായും പീക്ക് സമയങ്ങളിൽ ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയും അനാവശ്യമായി ഓൺ ചെയ്‌ത് വയ്‌ക്കാതെ കൃത്യമായി ഓഫ്ചെയ്യുന്നതും പോക്കറ്റ് കാലിയാകാതിരിക്കാൻ സഹായിക്കും എന്നതിൽ സംശയം വേണ്ട.